ലോകത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയില്‍ നടന്ന അവതരണ വേളയിലെ പരീക്ഷണത്തില്‍ വാഹനത്തിന്റെ ദൃഢതയേറിയ ആര്‍മര്‍ ഗ്ലാസ് പൊട്ടിച്ചിതറിയെങ്കിലും സൈബര്‍ട്രക്കിന്റെ മികവും കരുത്തും വെളിപ്പെടുത്തുന്ന പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ ടെസ്‌ല മേധാവിയായ ഇലോണ്‍ മസ്‌ക്. 

tesla

ലോഞ്ചിന് തൊട്ടുമുമ്പ് ടെസ്‌ല ഡിസൈന്‍ ചീഫ് ഫ്രാന്‍സ് വോണ്‍ ഹോള്‍ഷൗസന്‍ സൈബര്‍ട്രക്കിന്റെ ഗ്ലാസില്‍ ലോഹ പന്ത് എറിഞ്ഞ് പരീക്ഷിക്കുന്ന വീഡിയോയാണിത്. ഗ്ലാസില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ലോഹ പന്ത് അതേ സ്പീഡില്‍ ഗ്ലാസില്‍തട്ടി തിരിച്ചുവരുകയാണുണ്ടായത്. ഈ വീഡിയോ കൂടി പുറത്തുവന്നതോടെ ലേഞ്ചിങ് വേളയിലെ ഇതേ പരീക്ഷണത്തില്‍ ഗ്ലാസ് പൊട്ടിച്ചിതറിയത് ടെസ്‌ലയുടെ പരസ്യതന്ത്രത്തിന്റെ ഭാഗമാണെന്ന് സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുകയാണ്. പണം മുടക്കി ഒരൊറ്റ പരസ്യം പോലും നല്‍കാതെ സൈബര്‍ട്രക്കിന് ഇതിനോടകം രണ്ട് ലക്ഷത്തോളം പ്രീ ബുക്കിങ് ലഭിച്ചതായും ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. 

അമേരിക്കന്‍ വിപണിയില്‍ സൈബര്‍ട്രക്കിന്റെ മുഖ്യ എതിരാളായായ ഫോര്‍ഡ് F 150 മോഡലുമായുള്ള ബലപരീക്ഷണത്തിന്റെ വീഡിയോയും ഇലോണ്‍ മസ്‌ക് പങ്കുവെച്ചിട്ടുണ്ട്. ഇരുവാഹനങ്ങളിലും കയര്‍കെട്ടി വലിച്ചുള്ള പരീക്ഷണത്തില്‍ F150 ട്രക്കിനെ നിഷ്പ്രയാസം വലിച്ചുകൊണ്ടുപോവുകയാണ് സൈബര്‍ട്രക്ക്. ഫോര്‍ഡ് F150 ട്രക്കിനെക്കാള്‍ മികവും പോര്‍ഷെ 911 മോഡലിനെക്കാള്‍ വേഗതയും സൈബര്‍ട്രക്കിനുണ്ടെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.

പതിവ് പിക്കപ്പ് ട്രക്കുകളില്‍നിന്ന് വ്യത്യസ്തമായി കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.63 - 50.16 ലക്ഷം രൂപ) സൈബര്‍ട്രക്കിന്റെ വില. ഒറ്റചാര്‍ജില്‍ പരമാവധി 804 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ട്രക്കിന് സാധിക്കും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് പരമാവധി വേഗത. 2021ഓടെ ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ നിര്‍മാണം ആരംഭിക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. 

Content Highlights; elon musk shared cybertruck new video, cybertruck vs ford F150