വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്ത് നല്‍കുന്നതിന് വൈദ്യുതിവകുപ്പ് ജില്ലയില്‍ 26 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങും. ആദ്യഘട്ടം ചൊവ്വയിലെ സബ് സ്റ്റേഷനില്‍ നടപ്പാക്കും. ചൊവ്വയിലെ ചാര്‍ജിങ് സ്റ്റേഷന്‍ മൂന്നുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 25 കേന്ദ്രങ്ങളിലായിരിക്കും ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുക. 

കളക്ടറേറ്റ്, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, മുണ്ടയാട് സ്റ്റേഡിയം പറമ്പ്, കണ്ണൂര്‍ സര്‍വകലാശാല, ബി.എസ്.എന്‍.എല്‍. ജി.എം. ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കാല്‍ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നീ പൊതുസ്ഥലങ്ങളിലും വ്യാപാര സമുച്ചയങ്ങളായ മാളുകള്‍ എന്നിവിടങ്ങളിലും സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ജീവനക്കാരുടെ വാഹനങ്ങള്‍ക്കുമായിരിക്കും കളക്ടറേറ്റിലെ സ്റ്റേഷനില്‍നിന്ന് ചാര്‍ജ് ചെയ്യാനാകുക. കെ.എസ്.ആര്‍.ടി.സി.യിലെ സ്റ്റേഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് മാത്രമേ ചാര്‍ജ് ചെയ്യാനാകുകയുള്ളൂ. ഈ സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള ചുമതല വൈദ്യുതി ബോര്‍ഡിനായിരിക്കും.

ഡിസംബറിനുള്ളില്‍ ആദ്യ സ്റ്റേഷന്‍ തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുനല്‍കുക വൈദ്യുതി വകുപ്പായിരിക്കും. ആദ്യഘട്ടത്തില്‍ വൈദ്യുതി ബോര്‍ഡ് ദീര്‍ഘദൂര വാഹനങ്ങള്‍ ഒഴികെയുള്ളവ വൈദ്യുതി വാഹനങ്ങളാക്കും. സംസ്ഥാനത്ത് പ്രധാന റോഡുകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒരുയൂണിറ്റിന് അഞ്ചുരൂപ

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങുന്നതിനാവശ്യമായ ചെലവിന്റെ 20 ശതമാനം സ്വകാര്യ സംരംഭകര്‍ക്ക് സബ്സിഡിയായി നല്‍കും. വൈദ്യുതി വകുപ്പ് തുടങ്ങുന്നതിന് 50 ശതമാനം സബ്‌സിഡി ലഭിക്കും. ചാര്‍ജ് ചെയ്യുന്നതിന് സ്വകാര്യവ്യക്തികളില്‍നിന്ന് ഒരു യൂണിറ്റിന് അഞ്ചുരൂപ നിരക്കിലായിരിക്കും തുക ഈടാക്കുക. 

ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാന്‍ സന്നദ്ധരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നുസെന്റ് സ്ഥലമാണ് സ്റ്റേഷന്‍ തുടങ്ങാന്‍ വേണ്ടത്. ഒരു വലിയ വാഹനത്തിനും ആറ് ചെറിയ വാഹനങ്ങള്‍ക്കും ഒരേസമയം ചാര്‍ജ് ചെയ്യാനാകും. അപേക്ഷകരില്‍നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്തായിരിക്കും സ്റ്റേഷന്‍ അനുവദിക്കുക. സംസ്ഥാനത്തെ എല്ലാ കോര്‍പ്പറേഷനുകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.

Content Highlights: Electricity Board Set Up Electric Vehicle Charging Stations In Kannur