രിടവേളയ്ക്കുശേഷം മുംബൈ നഗരത്തില്‍ ഇലക്ട്രിക്ക് വിക്ടോറിയ കാരേജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോള്‍ കോവിഡ് വ്യാപനമായതോടെ വിക്ടോറിയ കാരേജുകള്‍ ഓട്ടം നിര്‍ത്തുകയായിരുന്നു ലോക്ഡൗണ്‍ മാറിയതോടെയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വാരാന്തങ്ങളില്‍ നഗരംചുറ്റിയടിച്ചുള്ള രാജകീയ യാത്രയാണ് ഇതിന്റെ പ്രത്യേകത. 

ഒരു നൂറ്റാണ്ടുകാലത്തോളം മുംബൈ നഗരത്തില്‍ രാജകീയ യാത്ര നടത്തിയിരുന്ന കുതിര സവാരിക്ക് (വിക്ടോറിയ കാരേജ്) അന്ത്യംകുറിച്ചാണ് ഇലക്ട്രിക് കാരേജുകള്‍ രംഗപ്രവേശം ചെയ്തത്. കുതിരക്കുളമ്പടി നാദമില്ലെങ്കിലും യാത്രയുടെ പ്രൗഢി കുറയാതെയാണ് ഇലക്ട്രിക് കാരേജുകളുടെ രൂപകല്പന. കാക്കി ടൂര്‍സ് ആണ് യാത്ര സംഘടിപ്പിക്കുന്നത്. കാലഘോഡയില്‍നിന്ന് യാത്രയാരംഭിച്ച് ലയണ്‍ ഗേറ്റ്, ഹുതാത്മ ചൗക്ക്. ഡി.എന്‍. റോഡ് വഴി 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പൗരാണിക (ഹെറിറ്റേജ്) യാത്രയാണിത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയിലാണ് ഇലക്ട്രിക് കാരേജുകള്‍ ഓടുന്നത്.

മുംബൈ തെരുവിലൂടെ കുതിരകള്‍ വലിച്ച് കൊണ്ട് നടന്നിരുന്ന വിക്ടോറിയന്‍ വണ്ടികള്‍ ഇലക്ട്രിക് കരുത്തിലാണ് ഈ വര്‍ഷം തിരിച്ചെത്തിയത്. ഐതിഹാസിക വിക്ടോറിയന്‍ വാഹനങ്ങളുടെ തിരിച്ച് വരവ് കഴിഞ്ഞ മാര്‍ച്ചിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫ്ളാഗ് ഓഫ് ചെയ്തത്. കുതിരകളെ ഉപയോഗിച്ച് വണ്ടി വലിക്കുന്നതിനെതിരേ മൃഗസ്നേഹികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി 2015-ലാണ് വിക്ടോറിയ വാഹനങ്ങള്‍ നിരോധിച്ചത്. 

പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമാനമായ വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തില്‍ നിരത്തിലെത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉബോ റിഡെസ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഇലക്ട്രിക് കരുത്തിലുള്ള വിക്ടോറിയന്‍ വാഹനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ലിഥിയം അയേണ്‍ ബാറ്ററികള്‍ കരുത്തേകുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 70 കിലോ മീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 650 കിലോ ഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതിസൗഹാര്‍ദമായ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നത്.

Content Highlights: Electric Victoria Carriage In Mumbai, Victoria Carriage