ലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കാനുള്ള ശക്തമായ നീക്കങ്ങളിലാണ് ഇന്ത്യ. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനുളള ശ്രമങ്ങള്‍ക്കാണ് വലിയ പിന്തുണ നല്‍കുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. ഇതിനുപുറമെ മറ്റൊരു ആനുകൂല്യം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇലക്ട്രിക് കരുത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ, പുതുക്കുന്നതിനോ പ്രത്യേകം ഫീസ് അടക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങളെ ഇത്തരം ഫീസില്‍ നിന്ന് ഒഴിവാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈടാക്കുന്ന ഫീസുകളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന് മുമ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ തീരുമാനം ഇലക്ട്രിക് വാഹന വിപണിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയും അടിസ്ഥാന സൗകര്യ വികസനവും പ്രതിപാദിക്കുന്ന ഇലക്ട്രിക് വാഹന നയങ്ങളും ഓരോ സംസ്ഥാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്‌

Content Highlights; Electric Vehicles Exempted From Registration Certificate Fees