മൂന്നുലക്ഷം കടന്ന് വൈദ്യുത വാഹന വില്പന; ഡിസംബറിൽ മാത്രം 2,522 കാറുകൾ


പ്രതീകാത്മക ചിത്രം| Photo: Mathrubhumi

മുംബൈ: 2021 കലണ്ടർ വർഷം രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്പന മൂന്നു ലക്ഷം കടന്നു. ഈ വിഭാഗത്തിൽ ഇരുചക്ര, മുച്ചക്രവാഹന വില്പന ഉയർന്നതാണ് നേട്ടത്തിനു പിന്നിലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യമായി ഒരു മാസം 50,000 വൈദ്യുത വാഹന രജിസ്‌ട്രേഷൻ എന്ന നേട്ടത്തിനും ഡിസംബർ സാക്ഷിയായി.

ഡിസംബറിലെ റെക്കോഡ് രജിസ്‌ട്രേഷന്റെ പിൻബലത്തിൽ 2020-നെ അപേക്ഷിച്ച് 2021-ൽ രാജ്യത്തെ വൈദ്യുത വാഹന രജിസ്‌ട്രേഷൻ ഇരട്ടിയായി. ഡിസംബറിൽ 50,889 വൈദ്യുത വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. നവംബറിനെ അപേക്ഷിച്ച് 21 ശതമാനമാണ് വളർച്ച. 2020 ഡിസംബറിനെ അപേക്ഷിച്ച് 240 ശതമാനവും. വൈദ്യുത വാഹനങ്ങൾക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡികൾ വില്പന കൂടാൻ കാരണമായിട്ടുണ്ട്.2021-ൽ ആകെ 3,11,339 വൈദ്യുത വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2020-ൽ ഇത് 1,19,654 എണ്ണവും 2019-ൽ 1,61,312 എണ്ണവുമായിരുന്നു. ഇരുചക്ര വാഹന വിഭാഗത്തിലെ വില്പന വളർച്ചയാണ് വൈദ്യുത വാഹന രജിസ്‌ട്രേഷൻ ഇത്രയും ഉയരാൻ സഹായകമായത്. ഡിസംബറിൽ മാത്രം 24,725 വൈദ്യുത ഇരുചക്ര വാഹനങ്ങളാണ് നിരത്തിലെത്തിയത്. നവംബറിനെ അപേക്ഷിച്ച് 10 ശതമാനവും 2020 ഡിസംബറിനെ അപേക്ഷിച്ച് 444 ശതമാനവുമാണ് വർധന.

2021-ൽ ആകെ 2.33 ലക്ഷം വൈദ്യുത ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്‌ട്രിക് വെഹിക്കിൾസ് (എസ്.എം.ഇ.വി.) പറയുന്നു. 2020-ൽ ഇത് ഒരു ലക്ഷം മാത്രമായിരുന്നു.

ഡിസംബറിൽ മാത്രം 2,522 കാറുകൾ

ആകെ 2,522 വൈദ്യുത കാറുകളാണ് ഡിസംബറിൽ നിരത്തിലെത്തിയത്. നവംബറിനെക്കാൾ 64 ശതമാനവും 2020 ഡിസംബറിനെക്കാൾ 410 ശതമാനവുമാണ് വളർച്ച. ടാറ്റാ മോട്ടോഴ്‌സിനാണ് ഈ വിഭാഗത്തിൽ 93 ശതമാനവും വിപണി വിഹിതം. 23,373 മുച്ചക്ര വാഹനങ്ങളും ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു. 29.8 ശതമാനമാണ് വളർച്ച.

ഡിസംബറിലെ രജിസ്‌ട്രേഷൻ കണക്കുകൾ പ്രകാരം വൈദ്യുത ഇരുചക്ര വാഹനങ്ങളും യാത്രാ വിഭാഗത്തിലുള്ള മുച്ചക്രവാഹനങ്ങളും ചേർന്ന് 90.3 ശതമാനം വിപണി വിഹിതം പിടിച്ചെടുത്തു. കാറുകൾക്ക് അഞ്ചു ശതമാനവും ചരക്കുനീക്കത്തിനുള്ള മുച്ചക്ര വാഹനങ്ങൾ 4.3 ശതമാനവും വിപണി വിഹിതം സ്വന്തമാക്കി.

ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഉയരുന്നതു മുൻനിർത്തി 2022-ൽ വൈദ്യുത വാഹന വില്പന പത്ത്‌ ലക്ഷത്തിലെത്തുമെന്ന് എസ്.എം.ഇ.വി. ഡയറക്ടർ ജനറൽ സൊഹീന്ദർ ഗിൽ പറഞ്ഞു. കഴിഞ്ഞ 15 വർഷംകൊണ്ടുണ്ടായ വില്പന 2022-ൽ മാത്രമുണ്ടാകും. ഫെയിം 2 വൈദ്യുത വാഹന നയം ഈ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു.

സി.ഇ.എസ്.എൽ. 900 ഇ.വി. ചാർജിങ് സ്റ്റേഷനുകളൊരുക്കും

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സി.ഇ.എസ്.എൽ.) ഈ വർഷം രാജ്യത്ത് 900-ത്തിലധികം വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളൊരുക്കും. ഊർജ മന്ത്രാലയത്തിനു കീഴിലുള്ള എനർജി എഫിഷ്യൻസി സർവീസസിന്റെ (ഇ.ഇ.എസ്.എൽ.) അനുബന്ധ സ്ഥാപനമാണ് സി.ഇ.എസ്.എൽ.

രാജ്യത്തുടനീളം 396 ചാർജിങ് സ്റ്റേഷനുകൾ ഇതിനോടകം സി.ഇ.എസ്.എൽ. സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ 166 എണ്ണം കമ്മിഷൻ ചെയ്തുകഴിഞ്ഞു. പൊതു ചാർജിങ് സൗകര്യങ്ങളൊരുക്കുന്നതിന് സി.ഇ.എസ്.എൽ. നിരവധി പൊതു-സ്വകാര്യ കമ്പനികളുമായി സഹകരിച്ചിട്ടുണ്ട്.

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വിന്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ‘മൈ ഇ.വി.’ എന്ന പേരിൽ ഒരു ഡിജിറ്റൽ മാർക്കറ്റ് പ്ലേസും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ഈ ആപ്ലിക്കേഷൻ ആദ്യം അവതരിപ്പിച്ച സംസ്ഥാനം കേരളമാണ്.

Content Highlights : Electric vehicle sales cross 3 lakh in India; 2,522 cars in December alone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented