ന്ധനവിലവര്‍ധനയില്‍ വീര്‍പ്പുമുട്ടുന്ന വാഹനഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്കുപ്രകാരം കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം എണ്ണൂറോളം ഇലക്ട്രിക് വാഹനങ്ങളാണ് ആര്‍.ടി. ഓഫീസിലും സബ് ആര്‍.ടി.ഒ. ഓഫീസുകളിലും രജിസ്റ്റര്‍ ചെയ്തത്.

ഈ വര്‍ഷം കാറുകളും സ്‌കൂട്ടറുകളും ഓട്ടോകളുമായി 786 വാഹനങ്ങളാണ് ജില്ലയില്‍ നിരത്തിലിറങ്ങിയത്. കോഴിക്കോട്, കൊയിലാണ്ടി, വടകര, പേരാമ്പ്ര, നന്മണ്ട, ഫറോക്ക് ആര്‍.ടി. ഓഫീസുകളിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ 100-നടുത്ത് ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. 

എന്നാല്‍ നവംബറോടെ ഇത് എണ്ണൂറായി ഉയര്‍ന്നു. മുമ്പ് മാസത്തില്‍ 20 മുതല്‍ 25 വരെ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ കോഴിക്കോട് ആര്‍.ടി. ഓഫീസില്‍ മാത്രം ഓഗസ്റ്റില്‍ 50 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 50,000 രൂപ മുതലുള്ള ഇലക്ട്രിക് ബൈക്കുകളും 16 ലക്ഷം രൂപ മുതലുള്ള കാറുകളും ഇപ്പോള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. 2020-ല്‍ കേരളത്തില്‍ മൊത്തം 1325 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2019-ല്‍ അത് 468 മാത്രമായിരുന്നു.

ആളുകള്‍ മാറി ചിന്തിക്കുന്നു

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍നിന്നുള്ള മാറ്റത്തിനായി ഉപഭോക്താക്കള്‍ തയ്യാറായിക്കഴിഞ്ഞു. അന്തരീക്ഷമലിനീകരണം കുറയുന്നു എന്നത് ഇതിന്റെ പ്രധാന ഗുണമാണ്. ഇന്ധനക്ഷമതയും കൂടുതലാണ്. കൂടുതല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നുണ്ട്

എം.പി. ജെയിംസ്, ആര്‍.ടി.ഒ. കോഴിക്കോട്

ഇന്ധനവില താങ്ങാനാകില്ല

ഇന്ധന വിലവര്‍ധന താങ്ങാനാകാതെ വന്നപ്പോഴാണ് ഇലക്ട്രിക് കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്.

കെ. നീധിഷ്, ഒടുമ്പ്ര സ്വദേശി

Content Highlights: Electric Vehicle Registration In Calicut District, Electric vehicles, Petrol-Diesel Price Hike