വൈദ്യുതവാഹനങ്ങള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് റോഡ് നികുതിയിളവ് ശുപാര്‍ശ ചെയ്യുന്ന നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രകൃതിസൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. വൈദ്യുതവാഹനവില കൂടാതിരിക്കാനാണ് നികുതിയിളവ്.

സംസ്ഥാന വ്യാപകമായി ബാറ്ററി ചാര്‍ജിങ് സൗകര്യം ഏര്‍പ്പെടുത്താനും ശുപാര്‍ശയുണ്ട്. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാകും പദ്ധതി. ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കു പുറമേ ചാര്‍ജ് ചെയ്ത ബാറ്ററികള്‍ ലഭിക്കാനുള്ള സജ്ജീകരണവുമൊരുക്കും. 

ചാര്‍ജ് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ബാറ്ററികള്‍ വാഹനത്തിലേക്ക് ഘടിപ്പിക്കാം. പകരം ഉപയോഗിച്ച ബാറ്ററി നല്‍കണം. ബാറ്ററി പരസ്പരം മാറാന്‍ കഴിയുന്ന വിധത്തില്‍ വാഹനങ്ങളില്‍ ബാറ്ററി, കണക്ടിങ് സംവിധാനങ്ങള്‍ വാഹന നിര്‍മാതാക്കള്‍ ഒരുക്കും. പ്രധാന പാതകളില്‍ 25 കിലോമീറ്ററിനുള്ളില്‍ ചാര്‍ജിങ് കേന്ദ്രങ്ങളുണ്ടാകും.

Electric Bus

മാളുകളിലും വ്യാപാരകേന്ദ്രങ്ങളിലും ചാര്‍ജിങ് സൗകര്യമൊരുക്കണം. 5000 ചതുരശ്രയടിക്ക് മേലുള്ള വാണിജ്യ കെട്ടിടങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാണ്. വൈദ്യുതവാഹനങ്ങള്‍ക്കുള്ള വൈദ്യുതിനിരക്കില്‍ ഇളവും നല്‍കും. 

E-Auto

മുച്ചക്ര വാഹനങ്ങള്‍ക്കും ബസുകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ പരിഗണന. തദ്ദേശീയമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മിക്കാന്‍ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് സൗകര്യങ്ങളൊരുക്കും. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ 2025-നുള്ളില്‍ പൂര്‍ണമായും വൈദ്യുതിയിലേക്ക് മാറ്റും.

Content Highlights: Electric Vehicle Policy Approved By Ministry