മന്ത്രി ആന്റണി രാജു | ഫോട്ടോ: മാതൃഭൂമി
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും ഘടകങ്ങളുടെ കൂട്ടിച്ചേര്ക്കലിനുമായി കേരളത്തിലേക്കു വരുന്ന കമ്പനികള്‍ക്കായി കെ.എസ്.ആര്.ടി.സി. സ്ഥലവും കെട്ടിടവും വര്‍ക്ഷോപ്പും നല്കാന് തയ്യാറാണെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ 'ഇവോള്‍വി'ന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-വാഹന മേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തും. വരാന്‍ പോകുന്നത് ഇ-മൊബിലിറ്റിയുടെ കാലമാണ്. അത് മനസ്സിലാക്കിയാണ് കേരളം ഈ മേഖലയില്‍ മുന്നേ ചുവടുവെച്ചത്. നിലവില്‍ 40 ഇ-ബസുകള്‍ ഉള്ള കെ.എസ്.ആര്.ടി.സി. 400 എണ്ണംകൂടി പുതുതായി വാങ്ങും. ഇതിനു പുറമേ ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ആക്കി മാറ്റാന്‍ കഴിയുമോ എന്നത് സാമ്പത്തികനില കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പാരമ്പര്യേതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സബ്സിഡിയും റിബേറ്റും നികുതിയിളവും നല്‍കുന്നുണ്ട്. കേരളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് 'ഇവോള്‍വ്' വേദിയില്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തേലി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബി.പി.സി.എല്‍. എന്നിവയുമായി സഹകരിച്ചായിരിക്കുമിത്. ആദി ഗ്രൂപ്പ് കേരളത്തില്‍ ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അസാപ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണിത്.
സമാപനസമ്മേളനം മന്ത്രി ജി.ആര് അനില്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മാലദ്വീപ് കോണ്‍സല്‍ ജനറല്‍ ആമിന അബ്ദുല്ല ദീദി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് കമ്മിഷണര്‍ എസ്.ശ്രീജിത്ത്, ഗതാഗത വകുപ്പ് അഡീഷണല്‍ കമ്മിഷണര്‍ പി.എസ്.പ്രമോദ് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എട്ട് സെഷനുകളിലായി വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുത്ത സെമിനാറില്‍ ഓട്ടോമൊബൈല്‍ രംഗത്തെ ഗവേഷകര്‍, ബാറ്ററി നിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വാഹന നിര്‍മാതാക്കള്‍ എന്നിവര്‍ ആശയങ്ങള്‍ പങ്കുവെച്ചു. ഇതോടനുബന്ധിച്ച് പോലീസ് മൈതാനിയില്‍ നടക്കുന്ന വാഹനങ്ങളുടെ എക്സ്പോ ഞായറാഴ്ച സമാപിക്കും.
Content Highlights: Electric vehicle companies can use ksrtc land and workshop says kerala transport minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..