സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി എം.സി. റോഡിലും ദേശീയ പാതയിലും വ്യാപകമായി ഇത്തരം സ്റ്റേഷനുകള്‍ അനുവദിക്കുന്നു. ഈ മാസം അവസാനത്തോടെ ഇതിന് തുടക്കംകുറിക്കാനാണ് ശ്രമം. റോഡരികുകളില്‍ 25 കിലോമീറ്ററിന് ഇടയിലാണ് ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. അനര്‍ട്ടാണ് സൗരോര്‍ജ പ്ലാന്റുകള്‍ക്ക് സഹായം നല്‍കുന്നത്. കോവളം-കൊച്ചി റൂട്ടില്‍ അടുത്തുതന്നെ സൗരോര്‍ജ സ്റ്റേഷനുകള്‍ ആരംഭിക്കും. 10 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും സൗരോര്‍ജ പ്ലാന്റുകള്‍ ആണ് സ്ഥപിക്കുന്നത്. 500 കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റിന് ഏഴ് ലക്ഷം രൂപയോളം ചെലവുവരും. 50 ശതമാനം സബ്സിഡി ലഭിക്കും.

സ്വകാര്യ ഭൂമികളില്‍ ഭക്ഷണശാലയും ശൗചാലയവും ഉണ്ടെങ്കില്‍ പ്ലാന്റുകള്‍ അനുവദിക്കും. സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്ക് യൂണിറ്റിന് 70 പൈസ വാടക നല്‍കി സ്ഥലം ഏറ്റെടുക്കാനും പ്ലാന്റ് സ്ഥാപിക്കാനും അനര്‍ട്ടിന് പദ്ധതി ഉണ്ട്. കെ.ടി.ഡി.സി. ഹോട്ടലുകള്‍, ബി.എസ്.എന്‍.എല്‍. സ്ഥലങ്ങള്‍, ഡി.റ്റി.പി.സി. കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നീക്കമുണ്ട്. 

10 കിലോവാട്ടിന്റെ സോളാര്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇരുചക്രവാഹനങ്ങള്‍ ഓട്ടോറിക്ഷകള്‍ എന്നിവയ്ക്കാണ് റീചാര്‍ജ് ചെയ്യാനുള്ള അവസരം. 25 കിലോവാട്ടുമുതല്‍ മുകളിലോട്ടുള്ള ഇടങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ക്കാണ് ചാര്‍ജിങ് സൗകര്യം. മാളുകളിലും ഹോട്ടലുകളിലും കേന്ദ്രീകരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ മുന്‍ഗണന നല്‍കും.

ഇത്തരം സ്ഥലങ്ങളില്‍ യാത്രക്കാര്‍ അര മണിക്കൂര്‍ ചെലവഴിക്കും എന്നുള്ളതുകൊണ്ടാണിത്. റോഡരികില്‍ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ അനര്‍ട്ട് നേരിട്ട് സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

Content Highlights: Electric Vehicle Charging Unit, Solar Charing Facility, Electric Vehicles