വൈദ്യുതത്തൂണില്‍നിന്ന് ഇലക്ട്രിക് ഓട്ടോകള്‍ ചാര്‍ജ് ചെയ്യാന്‍ നഗരത്തില്‍ സൗകര്യമൊരുങ്ങുന്നത് പത്തിടങ്ങളില്‍. സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ട് നടപ്പാക്കുന്ന ചാര്‍ജിങ് പോയന്റുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സരോവരം ബയോപാര്‍ക്കിനുസമീപം ഒരുക്കുന്ന പോയന്റ് പൂര്‍ത്തിയാവും. അതുകഴിഞ്ഞാല്‍ ഓട്ടോകള്‍ക്ക് ഇവിടെനിന്ന് ചാര്‍ജ് ചെയ്യാനാകുമെന്നാണ് കരുതുന്നത്.

സരോവരം മിനിബൈപ്പാസ് ബെവ്കോയ്ക്ക് സമീപം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗര്‍ ജങ്ഷന്‍, മുത്തപ്പന്‍കാവ്, മൂന്നാലിങ്കലിന് സമീപം, ജോസഫ് റോഡ്, വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം, കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനരികെ, മേയര്‍ ഭവന്‍ ഭാഗം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. തൂണില്‍ ചാര്‍ജിങ് പോയന്റുണ്ടാവും. മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തനം.

ആദ്യത്തെ ചാര്‍ജിങ് പോയന്റ് പ്രവര്‍ത്തനം തുടങ്ങിയശേഷം എന്തെങ്കിലും മാറ്റങ്ങള്‍ വേണമോയെന്ന കാര്യം പരിശോധിക്കും. ഇതിനനുസരിച്ചായിരിക്കും ശേഷിക്കുന്നവ തുടങ്ങുകയെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍പറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാര്‍ജിങ് പോയന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴിയാകും. 

നിലവില്‍ 13 രൂപയാണ് നിരക്ക് കണക്കാക്കിയിട്ടുള്ളത്. ജി.എസ്.ടി. വേണ്ടിവരും. ഒമ്പതുരൂപ വൈദ്യുതി നിരക്കും ശേഷിക്കുന്നത് സര്‍വീസ് ചാര്‍ജുമാണ്. കോഴിക്കോട് നഗരത്തില്‍മാത്രം നിലവില്‍ നൂറ്റമ്പതോളം ഇ-ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് ഓട്ടോക്കാര്‍ പറയുന്നത്. നിലവില്‍ സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. വണ്ടി ഫുള്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനാവും.

ഏതാണ്ട് നാലുമണിക്കൂര്‍ സമയം വേണം ഇത്തരത്തില്‍ ചാര്‍ജാവാന്‍. 355 രൂപയ്ക്ക് 37 യൂണിറ്റ് ചാര്‍ജ് ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമായാല്‍ ഇപ്പോഴുള്ള പ്രയാസം മാറി ആശ്വാസമാകുമെന്ന് നഗരത്തിലെ ഇ-ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.

Content Highlights: Electric Vehicle Charging Unit, KSEB Install Charging Point In Electric Post