വൈദ്യുതവാഹനങ്ങള്‍ക്കായി പ്രകൃതിവാതക പമ്പുകളില്‍ ചാര്‍ജിങ് സ്റ്റേഷനും തുറക്കാന്‍ ഗെയ്ല്‍ പദ്ധതി. ഗെയ്ല്‍ നേരിട്ട് നടത്തുന്ന പമ്പുകളിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഇതിനായുള്ള കരട്പദ്ധതി തയ്യാറാക്കി. പമ്പുകളില്‍ സൗരോര്‍ജ മേല്‍ക്കൂരയും വിഭാവനം ചെയ്യുന്നുണ്ട്. 

പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും വിശദമായി പഠിച്ച ശേഷമായിരിക്കും പ്രാവര്‍ത്തികമാക്കുക. ഇതിനായി ഗെയ്‌ലിന്റെ അടിസ്ഥാനപ്രമാണത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. നിലവില്‍ വാതകവും പെട്രോകെമിക്കല്‍ ഉത്പന്നങ്ങളും മാത്രം കൈകാര്യം ചെയ്യാനാണ് ഗെയ്ലിന് അനുമതി.

2030-ഓടെ രാജ്യത്ത് വൈദ്യുതവാഹനങ്ങള്‍ മാത്രമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതിനായുള്ള സമഗ്രപദ്ധതിയാണ് നടപ്പാക്കിവരുന്നത്. ഇതോടെ ചാര്‍ജിങ് സ്റ്റേഷനുകളുടെ സാധ്യതയേറും. നിലവില്‍ പ്രകൃതിവാതകം ഇന്ധനമാക്കുന്ന വാഹനങ്ങളുെട പ്രചാരണമാണ് പുരോഗമിക്കുന്നത്.

Electric Vehicles

പെട്രോള്‍-ഡീസല്‍ വാഹനങ്ങളേക്കാള്‍ മലിനീകരണവും ചെലവും കുറവാണെന്നതാണ് പ്രകൃതിവാതകത്തിന്റെ മേന്മ. ഇതിലും ചെലവ് കുറഞ്ഞതും ഒട്ടും പരിസ്ഥിതി മലിനീകരണമില്ലാത്തതും ആയതിനാലാണ് വൈദ്യുതവാഹനങ്ങളെ സര്‍ക്കാര്‍ സബ്‌സിഡി നല്‍കി പ്രോത്സാഹിപ്പിക്കുന്നത്. 

സമീപഭാവിയില്‍ ഇതിന്റെ പ്രചാരം ഏറും. ഇത് മുന്നില്‍ക്കണ്ടാണ് ഗെയ്ല്‍ പ്രകൃതിവാതക പമ്പുകളോടൊപ്പം ചാര്‍ജിങ് സ്റ്റേഷനും നടപ്പാക്കാനാന്‍ ഒരുങ്ങുന്നത്. രാജ്യത്ത് 25 സംസ്ഥാനങ്ങളിലും ഗെയ്ല്‍ പ്രകൃതിവാതകക്കുഴല്‍ പദ്ധതി പൂര്‍ത്തിയായിവരുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഗെയ്‌ലിന് മറ്റ് മേഖലകള്‍ തേടേണ്ടിവരും. അതിന്റെ ആദ്യപടിയാണ് ചാര്‍ജിങ് സ്റ്റേഷനുകളെന്നാണ് സൂചന.

Content Highlights: Electric Charging Unit Open In Gas Pumps