പുതുതായി നിരത്തിലിറങ്ങുന്ന ഇ-ബസുകൾ | ഫോട്ടോ: സാബു സ്‌കറിയ
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഇ-ബസുകള്‍ നിരത്തിലോടിത്തുടങ്ങി. 150 ഇ-ബസുകളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച കെജ്രിവാള്‍ ബസുകള്‍ക്കായി 150 കോടിരൂപ അനുവദിച്ച കേന്ദ്രത്തിന് നന്ദിയും അറിയിച്ചു.
ഇ-ബസുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 1862 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഈ വര്‍ഷം 2000 ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രി കൈലാശ് ഗെഹ്ലോത്ത്, ചീഫ് സെക്രട്ടറി നരേശ് കുമാര്‍ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
വ്യാഴാഴ്ചവരെ യാത്ര സൗജന്യം
ഉദ്ഘാടനത്തോടനുബന്ധിച്ച് മേയ് 26വരെ എല്ലാവര്‍ക്കും ഇ-ബസിലെ യാത്ര സൗജന്യമാണ്. തലസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ഡിപ്പോയായ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ടേല കലാനില്‍നിന്നാണ് ബസുകള്‍ സര്‍വീസ് നടത്തുക. ഇവ നജഫ്ഗഡ്, ധന്സ ബോര്‍ഡര്‍, ആസാദ്പുര്‍, തിലക് നഗര്‍, ലാഡോ സരായ്, മംഗ്ലാപുരി, മോത്തി നഗര്‍, നെഹ്റു പ്ലേസ്, ഐ.എസ്.ബി.ടി. കാശ്മീരി ഗേറ്റ്, ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മുണ്ടേല കലാനിലെ ഡിപ്പോയില്‍ 32 ഡിസി ഫാസ്റ്റ് ചാര്‍ജറുകളും ഇലക്ട്രിക് ബസുകള്‍ക്കായി 100 പാര്‍ക്കിങ് ബേകളും നിര്‍മിച്ചിട്ടുണ്ട്. രോഹിണി സെക്ടര്‍ 37-ല്‍ ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി നിര്‍മിക്കുന്ന ബസ് ഡിപ്പോ അവസാനഘട്ട പണികളിലാണ്. 48 ഇലക്ട്രിക് ചാര്‍ജിങ് സംവിധാനം ഇവിടെ സ്ഥാപിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാശ്മീരി ഗേറ്റിലെ ടു-വേ സെന്‍ട്രല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി (സി.സി.സി.) ബന്ധിപ്പിച്ചാണ് ബസുകളുടെ പ്രവര്‍ത്തനം.
ഇ-ബസിന്റെ പ്രത്യേകതകള്‍
• ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്കായി റാമ്പുകള്‍.
• സ്ത്രീകള്‍ക്കായി പ്രത്യേക പിങ്ക് സീറ്റ്.
• ഓരോ ബസിലും നിരീക്ഷണ ക്യാമറകള്‍.
• 10 പാനിക് ബട്ടണുകള്‍, ഒരു ഹൂട്ടര്‍.
• ഫാസ്റ്റ് ചാര്‍ജറില്‍ ഒന്നുമുതല്‍ ഒന്നരമണിക്കൂര്‍കൊണ്ട് ബസുകള്‍ ചാര്‍ജ് ചെയ്യാം.
• ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 120 കിലോമീറ്റര്‍ ദൂരം ഓടാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..