മിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എം.ടി.സി.) ചെന്നൈയില്‍ ഇലക്ട്രിക് ബസ് (ഇ-ബസ്) സര്‍വീസ് ആരംഭിച്ചു. ചെന്നൈ സെന്‍ട്രല്‍-തിരുവാണ്‍മിയൂര്‍ റൂട്ടിലാണ് (എ-1 റൂട്ട്) അത്യാധുനിക സൗകര്യങ്ങളോടെയുള്ള സര്‍വീസുകള്‍ നടത്തുന്നത്. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ഇപ്പോള്‍ പരീക്ഷണാര്‍ഥം ആരംഭിക്കുന്ന സര്‍വീസ് പിന്നീട് സംസ്ഥാനത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രമുഖ വാഹന നിര്‍മാണ കമ്പനിയായ അശോക് ലെയ്ലാന്‍ഡ് നിര്‍മിച്ച ബസില്‍ ആകെ അന്‍പതിലധികം പേര്‍ക്ക് സഞ്ചരിക്കാം. 32 പേര്‍ക്ക് ഇരുന്നും 25-ഓളം പേര്‍ക്ക് നിന്നുകൊണ്ടും യാത്ര ചെയ്യാം. റീ ചാര്‍ജ് ചെയ്യാവുന്ന രണ്ട് ബാറ്ററിയാണ് ഒരോ ബസിലുമുള്ളത്. ഒരുമണിക്കൂര്‍ ചാര്‍ജ്‌ചെയ്താല്‍ 50 കിലോ മീറ്റര്‍ ദൂരം ഓടാം. പല്ലവന്‍ശാലൈയിലുള്ള ഡിപ്പോയിലാണ് റീചാര്‍ജ് ചെയ്യാനുള്ള സജ്ജീകരണം. മണിക്കൂറില്‍ 100 കിലോ മീറ്ററാണ് ഇലക്ട്രിക് ബസിന്റെ പരമാവധി വേഗം.

എ.സി. ബസുകളാണെങ്കിലും ഡീലക്‌സ് ബസുകളുടെ നിരക്കാകും തുടക്കത്തില്‍ ഈടാക്കുന്നത്. സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ബസ് മൈലാപുര്‍, അഡാര്‍ വഴി തിരുവാണ്‍മിയൂരിലെത്തും. രാവിലെയും വൈകീട്ടും രണ്ട് സര്‍വീസുകളാണുണ്ടാകുക. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവാണ്‍മിയൂരിനും കോയമ്പേടിനും ഇടയില്‍ നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിയെക്കൂടാതെ ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ഗതാഗത വകുപ്പ് മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍, മറ്റ് മന്ത്രിമാരായ കെ.പാണ്ഡ്യരാജന്‍, കെ.എ.സെങ്കോട്ടയ്യന്‍, കാമരാജ്, ഒ.എസ്. മണിയന്‍ തുടങ്ങിയവരും പങ്കെടുത്തു.

അശോക് ലെയ്ലാന്‍ഡ് നിയോഗിച്ചിരിക്കുന്ന ഡ്രൈവര്‍മാരായിരിക്കും തുടക്കത്തില്‍ ഈ ബസുകള്‍ ഓടിക്കുക. ഇ-ബസുകള്‍ ഓടിച്ച് പരിചയമുള്ളവരാണിവര്‍. പരിശീലനം ലഭിച്ചതിന് ശേഷം എം.ടി.സി. ഡ്രൈവര്‍മാരെ നിയോഗിക്കും. അറ്റകുറ്റപ്പണികളും ലെയ്ലാന്‍ഡ് നടത്തും. പരിസ്ഥിതി മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ഇ-ബസുകള്‍ ആരംഭിക്കാന്‍ നടപടിയെടുത്തത്. ചെന്നൈ കൂടാതെ കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി, ഈറോഡ്, തിരുപ്പൂര്‍, സേലം, വെല്ലൂര്‍, കാഞ്ചീപുരം നഗരങ്ങളിലും ഇ-ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്.

ഘട്ടംഘട്ടമായി 525 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. ഒരു മാസം 150 ബസുകള്‍ എന്ന നിലയില്‍ പുതിയ ബസുകള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ സാധാരണ ഉപയോഗിക്കുന്ന ബസുകള്‍ക്ക് 30 ലക്ഷം രൂപ വില വരുന്ന സ്ഥാനത്ത് ഒരു ഇലക്ട്രിക് ബസിന് ഒന്നര മുതല്‍ രണ്ട് കോടി രൂപ വരെയാണ് വില. ഇന്ധന ചെലവ് കുറയ്ക്കുന്നതിനാല്‍ ദീര്‍ഘകാലയളവില്‍ സര്‍വീസ് നടത്തുമ്പോള്‍ ലാഭകരമാകുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിനൊപ്പം അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നുവെന്ന പ്രയോജനവുമുണ്ടെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.

Content Highlights: Electric Bus Service Begins In Tamilnadu