electric auto
ബാബുരാജ് തന്റെ ഇലക്ട്രിക് ഓട്ടോ വെള്ളിയാഴ്ച
നിരത്തിലിറക്കിയപ്പോള്‍

ബാലുശ്ശേരി: ഗിയര്‍ ഇല്ലെങ്കിലും വായുമലിനീകരണവും ശബ്ദമലിനീകരണവുമില്ലാത്ത ഇലക്ട്രിക് ഓട്ടോറിക്ഷകളിലേക്ക് ഗിയര്‍ മാറ്റുകയാണ്  ചെറുപട്ടണങ്ങളും. സുഹൃത്തുക്കള്‍ ജൂപ്പിറ്റര്‍ ബാബു എന്ന് വിളിക്കുന്ന ബാലുശ്ശേരി സ്വദേശി ബാബുരാജ് വെള്ളിയാഴ്ച തന്റെ ഇലക്ട്രിക് ഓട്ടോയുമായി കന്നിസര്‍വീസ് തുടങ്ങി. 'ജൂപ്പിറ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ബാബുരാജിന്റെ ഇലക്ട്രിക് ഓട്ടോയ്ക്ക് ബാലുശ്ശേരിയിലെ മറ്റ് ഓട്ടോഡ്രൈവര്‍മാര്‍ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്.

ഇലക്ട്രിക് ഓട്ടോ തങ്ങളുടെ അഭിമാനമാണെന്നും നല്ല മാറ്റങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നവരാണ് ഓട്ടോ ഡ്രൈവര്‍മാരെന്നും ഇവര്‍ പറയുന്നു. പെട്രോള്‍-ഡീസല്‍ വില അനുദിനം കുതിച്ചുയരുമ്പോള്‍ ഇലക്ട്രിക് ഓട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. മഹീന്ദ്രയുടെ രണ്ടേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന വണ്ടിയാണ് ബാബുരാജ് ബാലുശ്ശേരിയിലെ നിരത്തിലിറക്കിയിരിക്കുന്നത്. കിലോമീറ്ററിന് 50 പൈസയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനദിവസം മികച്ച പ്രതികരണമാണ് ആളുകളില്‍നിന്ന് ലഭിച്ചതെന്ന് മണ്ണാംപൊയില്‍ സ്വദേശിയായ ബാബുരാജ് പറയുന്നു.

ബാറ്ററി ഇന്‍-ബില്‍റ്റ് അല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ വീട്ടിലെ പ്ലഗില്‍തന്നെ ഓട്ടോയും ചാര്‍ജ് ചെയ്യാനാകുന്നുണ്ട്. കാര്‍ബണ്‍ മലിനീകരണം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല കുലുക്കവും ശബ്ദവും തീരെ കുറവാണെന്നും തന്റെ ആദ്യദിവസത്തെ അനുഭവത്തില്‍നിന്ന് ബാബുരാജ് സാക്ഷ്യപ്പെടുത്തുന്നു.

Content Highlights; electric autorickshaws get more acceptance