കേരളത്തിലിപ്പോള്‍ ഓട്ടോകളുടെ വില 1.4 ലക്ഷം മുതല്‍ 1.7 ലക്ഷം രൂപവരെയാണ്. ഇവ ഓടാന്‍ കിലോമീറ്ററിന് 1.30-1.40 രൂപ ചെലവാകും. ഇതേ വിലയിലും ചെലവിലും ഇ-ഓട്ടോ യാഥാര്‍ഥ്യമാക്കാനാവും.

തിരുവനന്തപുരം: വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ ഉപദേഷ്ടാവ് ഡോ. അശോക് ജുന്‍ജുന്‍വാലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായ ഇദ്ദേഹമാണ് കേരളത്തിലെ കര്‍മസമിതിയുടെ അധ്യക്ഷന്‍. ഐ.ടി. സെക്രട്ടറി എം. ശിവശങ്കറാണ് സമിതിയുടെ കണ്‍വീനര്‍.

കേരളത്തില്‍ ഇ-ഓട്ടോ നിര്‍മാണത്തിനും ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനികളെ ക്ഷണിക്കാനുള്ള വ്യവസ്ഥകള്‍ക്ക് രൂപംനല്‍കാന്‍ യോഗം വിദഗ്ധരെ ചുമതലപ്പെടുത്തി. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്താനാവുന്നവിധം ടെന്‍ഡര്‍ നടപടികള്‍ക്ക് രൂപംനല്‍കാന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം. എബ്രഹാം യോഗത്തില്‍ നിര്‍ദേശിച്ചു.

2018-19 വര്‍ഷത്തില്‍ത്തന്നെ ഇ-വാഹങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കംകുറിക്കാനാണ് ശ്രമം. ഓട്ടോകള്‍ വൈദ്യുതിയിലേക്ക് മാറുന്നതോടെ വായുമലിനീകരണവും കാര്യമായി കുറയും.

സംസ്ഥാനത്തെ പൊതുമേഖലയിലെ ഓട്ടോറിക്ഷാകമ്പനിയായ കേരള ഓട്ടോ മൊബൈല്‍സില്‍ ഇപ്പോള്‍ ഉത്പാദനമില്ല. ഈ സ്ഥാപനത്തെ നവീകരിച്ച് ഇ-ഓട്ടോകള്‍ നിര്‍മിക്കുന്നതിന് മഹീന്ദ്ര, ഗൊഗോര, ബി.വൈ.ഡി. തുടങ്ങിയ കമ്പനികളുമായി ഇതിനകം ചര്‍ച്ചനടത്തി.

ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 24 മണിക്കൂറും വൈദ്യുതി നല്‍കാന്‍ വൈദ്യുതിബോര്‍ഡ് തയ്യാറാണെന്ന് ചെയര്‍മാന്‍ ഡോ. കെ. ഇളങ്കോവനും അറിയിച്ചു. വൈകുന്നേരം ആറുമുതല്‍ രാത്രി 11 വരെ യൂണിറ്റിന് ആറു രൂപാ നിരക്കിലും പകല്‍സമയത്ത് 5.50 രൂപയ്ക്കും വൈദ്യുതി ലഭിക്കും. ഓഫ്-പീക് സമയത്ത് വൈദ്യുതി മിച്ചമുള്ളതിനാല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അഞ്ചുരൂപയായിരിക്കും നിരക്ക്. മൂന്നുനാലുവര്‍ഷം ഇതേ നിരക്കില്‍ത്തന്നെ വൈദ്യുതി നല്‍കും.

നിലവിലുള്ള പെട്രോള്‍ പമ്പുകളോട് ചേര്‍ന്ന് ബാറ്ററി മാറ്റാനും ചാര്‍ജ് ചെയ്യാനുമുള്ള സ്റ്റേഷനുകള്‍ സ്ഥാപിക്കാനാവും. ഇവ വൈദ്യുതിബോര്‍ഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ചേര്‍ന്ന് നടത്താനാണ് ആലോചന.

കേരളത്തിലിപ്പോള്‍ ഓട്ടോകളുടെ വില 1.4 ലക്ഷം മുതല്‍ 1.7 ലക്ഷം രൂപവരെയാണ്. ഇവ ഓടാന്‍ കിലോമീറ്ററിന് 1.30-1.40 രൂപ ചെലവാകും. ഇതേ വിലയിലും ചെലവിലും ഇ-ഓട്ടോ യാഥാര്‍ഥ്യമാക്കാനാവും. നികുതിയിളവുകള്‍ നല്‍കി ഇ-ഓട്ടോയിലേക്കുള്ള മാറ്റം വേഗത്തിലാക്കാമെന്നും സമിതി ശുപാര്‍ശ ചെയ്തു.

രണ്ടാംഘട്ടത്തില്‍ ഇ-ബസ്

ഇ-ഓട്ടോകള്‍ക്കുശേഷം ബസുകളും വൈദ്യുതിയിലേക്ക് മാറ്റും. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതിന് സ്വീകരിക്കേണ്ട സാങ്കേതികവിദ്യയെപ്പറ്റി പ്രൊഫ. ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഡല്‍ഹിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഓട്ടോ, ബസ്, കാര്‍, ഇരുചക്രവാഹനം, ചരക്കുവാഹനം, ബോട്ട് എന്നിങ്ങനെ ആറുവിഭാഗം വാഹനങ്ങള്‍ ഘട്ടംഘട്ടമായി വൈദ്യുതിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

നിയന്ത്രണം കൊണ്ടുവരാം

ആവശ്യത്തിന് വൈദ്യുതിവാഹനങ്ങളും ചാര്‍ജിങ് സൗകര്യവുമായാല്‍ മൂന്നാര്‍പോലെ പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ വൈദ്യുതിവാഹനങ്ങള്‍മാത്രമേ പാടുള്ളൂ എന്ന നിയന്ത്രണം കൊണ്ടുവരാം

- ഇ-മൊബിലിറ്റി കര്‍മസമിതി

Content Highlights: Electric Auto rickshaw Service Coming To Kerala