കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും പിന്നാലെ മുച്ചക്രവാഹനങ്ങള്‍കൂടി വൈദ്യുതിയിലേക്കു മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. രാജ്യത്തെ 30 ശതമാനം വാഹനങ്ങള്‍ 2030-ഓടെ വൈദ്യുതിയിലാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുച്ചക്ര വാഹനങ്ങള്‍ ഇതിലേക്കു മാറിയാല്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

രാജ്യത്ത് 60 ലക്ഷത്തോളം മുച്ചക്രവാഹനങ്ങളാണുള്ളത്. ഇതില്‍ 5.5 ലക്ഷം മാത്രമാണ് വൈദ്യുതിയിലോടുന്നത്. ചെറിയ ചരക്കുവാഹനങ്ങള്‍, മാലിന്യനീക്കത്തിനുള്ളവ, ഓട്ടോറിക്ഷകള്‍ എന്നിവ മാറ്റിയുപയോഗിക്കാവുന്ന ബാറ്ററിയില്‍ പുറത്തിറക്കുന്നതാണ് പരിഗണിക്കുന്നത്. മുച്ചക്ര വാഹനങ്ങള്‍ ജീവനോപാധിയാക്കുന്നവര്‍ക്ക് ഇത് വലിയ നേട്ടമാകും. ഇന്ധനച്ചെലവിനത്തില്‍ വലിയതുക ലാഭിക്കാനാകും. മാറ്റി ഉപയോഗിക്കാവുന്ന ബാറ്ററിയാണെങ്കില്‍ ചാര്‍ജിങ്ങിനായുള്ള സമയവും ലാഭിക്കാം.

ഊര്‍ജമന്ത്രാലയത്തിനുകീഴിലുള്ള കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (സി.ഇ.എസ്.എല്‍.) ആണ് പദ്ധതിക്കു പിന്നില്‍. ഇതിന്റെ ഭാഗമായി മാലിന്യനീക്കത്തിനും ചരക്കു കൊണ്ടുപോകാനും ഉപയോഗിക്കുന്ന ചെറുവാഹനങ്ങളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ ഒരുലക്ഷം മുച്ചക്രവാഹനങ്ങള്‍ വാങ്ങാന്‍ സി.ഇ.എസ്.എല്‍. ടെന്‍ഡര്‍ വിളിച്ചുകഴിഞ്ഞു. 3,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. 

ടെന്‍ഡറിനു മുമ്പു നടന്ന യോഗത്തില്‍ ഇരുപതോളം വാഹന നിര്‍മാതാക്കള്‍ പങ്കെടുത്തിരുന്നതായി സി.ഇ.എസ്.എല്‍. മാനേജിങ് ഡയറക്ടറും സി.ഇ.ഒ. യുമായ മഹുവ ആചാര്യ വ്യക്തമാക്കി. ടെന്‍ഡറിനുമുമ്പ് വിപണി സാധ്യത പഠിച്ചിരുന്നു. കേന്ദ്രസബ്‌സിഡിയടക്കം കുറഞ്ഞ നിരക്കില്‍ ആവശ്യക്കാര്‍ക്ക് വാഹനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 

സ്വച്ഛ് ഭാരത് മിഷന്‍ ഫണ്ടില്‍നിന്നാണ് തുക കണ്ടെത്തുക. ഒന്നിച്ച് വാങ്ങുന്നത് വിലകുറച്ചുലഭിക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ കേരളസര്‍ക്കാരിന്റെ വൈദ്യുതവാഹനനയത്തിന്റെ ചുവടുപിടിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതസ്‌കൂട്ടറുകള്‍ വാങ്ങുന്നതിന് സി.ഇ.എസ്.എല്‍. പദ്ധതി അവതരിപ്പിച്ചിരുന്നു.

Content Highlights: Electric auto Rickshaw, Central Government, Electric Vehicles, Eco Friendly Vehicles