കുത്തനെ ഉയരുന്ന ഇന്ധനവില വര്‍ധന കാലത്ത് വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് പ്രിയമേറുന്നു. നാലുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ചെയ്തത് 1,287 ഇ-ഓട്ടോറിക്ഷകളാണ്. ഓരോ വര്‍ഷവും ഇ-ഓട്ടോറിക്ഷകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകള്‍.

ഇന്ധനവിലവര്‍ധന നൂറുകടന്ന 2021ലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴ് മാസത്തിനിടെ മാത്രം 607 വൈദ്യുത ഓട്ടോറിക്ഷകള്‍ സംസ്ഥാനത്തെ നിരത്തിലിറങ്ങിയെന്നാണ് കേന്ദ്ര മോട്ടോര്‍വാഹനവകുപ്പിന്റെ പരിവാഹന്‍ സംവിധാനത്തിലെ കണക്ക് സൂചിപ്പിക്കുന്നത്. 2020-ല്‍ 535 ഓട്ടോറിക്ഷകള്‍ നിരത്തിലെത്തിയിരുന്നു. 2019-ല്‍ നൂറ്റിയെട്ടും 2018-ല്‍ മുപ്പത്തിയേഴും ഇ- ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയിരുന്നു.

പൂര്‍ണമായും ചാര്‍ജായാല്‍ ഏകദേശം 100 കിലോമീറ്റര്‍വരെ സര്‍വീസ് നടത്താം. ഏഴ് യൂണിറ്റ് വൈദ്യുതിമതി പൂര്‍ണമായും ചാര്‍ജാവാന്‍. വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് പവര്‍പ്ലഗ്ഗ് കണക്ട് ചെയ്ത് ചാര്‍ജ് ചെയ്യാം. ഒപ്പം പ്രത്യേകം പെര്‍മിറ്റ് ആവശ്യമില്ലെന്നതും ഇ-ഓട്ടോറിക്ഷയ്ക്ക് പ്രിയം കൂട്ടുന്നു. 

മോട്ടോര്‍വാഹന വകുപ്പിന്റെ നൂറുദിന പദ്ധതിയിലൊന്നാണ് ഇ-ഓട്ടോറിക്ഷകളുടെ പ്രോത്സാഹനം. ഇതുംകൂടി നടപ്പാകുന്നതോടെ കൂടുതല്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, എല്ലായിടത്തും തകരാര്‍ പരിഹരിക്കാന്‍ വര്‍ക്ഷോപ്പുകളില്ലെന്ന പരാതി ഓട്ടോ ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.

ഗുണങ്ങള്‍ ഇവയൊക്ക

  • ചെലവ് കുറവ് 
  • പുകയില്ല
  • ശബ്ദമലിനീകരണമില്ല 
  • ഗിയറില്ല
  • വീട്ടില്‍വെച്ചുതന്നെ ചാര്‍ജ് ചെയ്യാം

Content Highlights: Electric Auto Registration Increased In Kerala