ഇലക്ട്രിക് ഓട്ടോ | ഫോട്ടോ: മാതൃഭൂമി
മോട്ടോര്‍ വാഹനവകുപ്പും പോലീസും പെട്രോള്‍ ഓട്ടോ ഡ്രൈവര്‍മാരും പ്രതിസന്ധികളുണ്ടാക്കി ബുദ്ധിമുട്ടിക്കുന്നൂവെന്ന് വൈദ്യുതി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ കേരള ഇലക്ട്രിക് റിക്ഷ ഡ്രൈവേഴ്സ് യൂണിയന്‍ (കെ.ഇ.ആര്‍.ഡി.യു.) ഭാരവാഹികളാണ് സങ്കടക്കെട്ടഴിച്ചത്. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങിയവരാണ് അധികൃതരില്‍നിന്ന് നിരന്തരം പീഡനങ്ങള്‍ നേരിടുന്നതായി ആരോപിച്ച് രംഗത്തുവന്നത്.
പാരിസ്ഥിതിക മലിനീകരണം കുറയ്ക്കുക ലക്ഷ്യമിട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏറെ പ്രോത്സാഹനംനല്‍കുന്ന മേഖലയാണിത്.എന്നാല്‍, ഈ രംഗത്തിറങ്ങിയ തൊഴില്‍രഹിതര്‍ ഇപ്പോള്‍ പോലീസില്‍നിന്ന് പെട്രോള്‍, ഡീസല്‍ ഓട്ടോ ഡ്രൈവര്‍മാരില്‍നിന്ന് കടുത്ത പീഡനമാണ് നേരിടുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മറ്റ് വാഹനങ്ങള്‍ക്കുവേണ്ട മലിനീകരണ പരിശോധന വൈദ്യുതി വാഹനങ്ങള്‍ക്ക് ആവശ്യമില്ല.
എന്നാല്‍, ഈ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്റെ പേരില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് പോലീസ് പിഴയിടുന്നു. അരീക്കോട് പോലീസ് ഇങ്ങനെ 250 രൂപ ഈടാക്കിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റുകളിലെ മഞ്ഞ നിറം മാറി വെള്ളയാവുന്നതിന്റെ പേരിലും പിഴ ഈടാക്കി. ആര്‍.ടി.ഒ. തരുന്ന നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഗുണമേന്മയില്ലാത്തതിനാലാണ് മഞ്ഞക്കളര്‍ മായുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വൈദ്യുതി ഓട്ടോറിക്ഷകള്‍ക്ക് ഹാള്‍ട്ടിങ് പെര്‍മിറ്റും ഡ്രൈവര്‍ക്ക് യൂണിഫോമും വേണ്ടെന്നാണു നിയമം. എന്നാല്‍ ഇതിന്റെ പേരിലും ഇപ്പോള്‍ പിഴ ഈടാക്കുന്നുണ്ട്.
കേരളത്തില്‍ എവിടെയും ഓടാന്‍ അനുമതിയുണ്ടെങ്കിലും അതിനും അധികൃതര്‍ സമ്മതിക്കുന്നില്ല. അധികാരികളില്‍ നിന്ന് ഇത്തരം ഭീഷണികള്‍ ഉയരുന്നതിന് പിന്നാലെയാണ് മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റാന്‍ഡുകളില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രശ്‌നം രൂക്ഷമായതോടെ കോഴിക്കോട് നഗരത്തില്‍ ബോണറ്റ് നമ്പര്‍ എന്ന പേരില്‍ പോലീസ് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഇതിനായി അപേക്ഷ നല്‍കിയിട്ടും പലര്‍ക്കും കിട്ടുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തില്‍ ഒട്ടേറെ കമ്പനികള്‍ വൈദ്യുതി ഓട്ടോ പുറത്തിറക്കുന്നുണ്ടെങ്കിലും വില്‍ക്കുമ്പോള്‍ നല്‍കുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കാറില്ല. ചാര്‍ജിങ് സ്റ്റേഷനുകളില്‍ പലതും പ്രവര്‍ത്തന രഹിതമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി.എം. സഹദുദ്ദീന്‍, സെക്രട്ടറി അബ്്ദുള്ള പുത്തന്‍പീടികക്കല്‍, ട്രഷറര്‍ പി. അബ്്ദുള്‍ റഷീദ്, എം.പി. മുസ്തഫ, കെ.വി. ടോമി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Electric auto drivers facing crisis from police and fellow auto drivers, Electric auto
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..