രാജ്യത്ത് ബി.എസ്.എന്‍.എലിന്റെ ഉടമസ്ഥതയിലുള്ള 1,000 സ്ഥലത്ത് വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു. പൊതുജനങ്ങളുടെ ആവശ്യത്തിനുള്ള ഈ പദ്ധതി എനര്‍ജി എഫിഷ്യന്റ് സര്‍വീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍.) എന്ന പൊതുമേഖലാ കമ്പനിയുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

ഊര്‍ജമന്ത്രാലയത്തിനു കീഴില്‍ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഇ.ഇ.എസ്.എല്‍. എന്‍.ടി.പി.സി., പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍, പവര്‍ഗ്രിഡ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തസംരംഭമാണിത്.

ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഭൂമി വിട്ടു കൊടുക്കുകയും വൈദ്യുതി നല്‍കുകയും ചെയ്യേണ്ടത് ബി.എസ്.എന്‍.എല്‍. ആണ്. ഭൂമിക്ക് വാടക ഈടാക്കുമെന്നാണ് വിവരം. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി ബി.എസ്.എന്‍.എല്‍. നല്‍കണമെന്ന് ധാരണാ പത്രത്തില്‍ പറയുന്നുണ്ടെങ്കിലും അതുകൊണ്ട് ബി.എസ്.എന്‍.എലിന് എന്താണ് നേട്ടം എന്ന് വ്യക്തമാക്കിയിട്ടില്ല.

സ്റ്റേഷനുകളുടെ സ്ഥാപിക്കലും പരിപാലനവും ഇ.ഇ.എസ്.എല്‍. ആണ് നിര്‍വഹിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതും അവരുടെ ശമ്പളം കൊടുക്കുന്നതും ഇവരായിരിക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കണ്ണായ സ്ഥലങ്ങളില്‍ ബി.എസ്.എന്‍.എലിന് ഭൂമിയും കെട്ടിടങ്ങളും ഉണ്ട്. ഈ സ്വത്തുക്കള്‍ ഉപയോഗിച്ചും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്ന് പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശമുണ്ടായിരുന്നു.

വിശാലമായ പാര്‍ക്കിങ് സൗകര്യമുള്ള സ്ഥലങ്ങളാണ് ബി.എസ്.എന്‍.എല്‍. കൊടുക്കേണ്ടി വരിക. കേന്ദ്ര സര്‍ക്കാരിന്റെ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കേണ്ടത്.

ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ബി.എസ്.എന്‍.എലുമായി ചേര്‍ന്ന് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്ന് ഇ.ഇ.എസ്.എല്‍. മാനേജിങ് ഡയറക്ടര്‍ സൗരഭ് കുമാര്‍ അറിയിച്ചു. രാജ്യത്ത് ഇതുവരെ ആള്‍ട്ടര്‍നേറ്റിങ് കറന്റിന്റെ (എ.സി.) 3000-ഉം ഡയറക്ട് കറന്റിന്റെ 175-ഉം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഇ.ഇ.എസ്.എല്‍. സ്ഥാപിച്ചിട്ടുണ്ട്.

Content Highlights: EESL Implement 1000 Electric Vehicle Charging Station In BSNL Sites