പുതിയ യാത്രാനുഭവം സമ്മാനിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മലപ്പുറം ജില്ലയിലും ഹിറ്റാകുന്നു. പ്രകൃതിസൗഹൃദവാഹനം എന്ന സന്ദേശത്തില്‍ പുറത്തിറങ്ങിയ 75-ഓളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഇതിനകം ജില്ലയിലെ നിരത്തിലിറങ്ങിക്കഴിഞ്ഞു. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നുവെന്നതാണ്(സീറോ പൊലൂഷന്‍) പ്രധാന പ്രത്യേകത.

വാഹനത്തില്‍ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മൂന്നരമണിക്കൂര്‍ ചാര്‍ജ്ചെയ്യുന്നതോടെ 130-കിലോമീറ്റര്‍ ദൂരം ഓടിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്. ഗിയര്‍ ഇല്ലാത്ത വാഹനമാണിത്. പിന്നോട്ടെടുക്കുന്നതിന് പ്രത്യേക സ്വിച്ചാണ് ഉപയോഗിക്കുത്.

വാഹനത്തിന് ശബ്ദം തീരെ കുറവാണെന്നതിനാല്‍ ശബ്ദമലിനീകരണവും ഇല്ല. സൗകര്യപ്രദമായ രൂപത്തിലാണ് യാത്രക്കാരുടെ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. നീലയും വെള്ളയും ചേര്‍ന്ന ഡിസൈനില്‍ ഫൈബറില്‍ തീര്‍ക്കുന്ന മേല്‍ക്കൂരകളുമായി ഓട്ടോറിക്ഷകളെ റോഡില്‍ കാണാം.

ബാറ്ററി ചാര്‍ജ്ജടക്കമുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ തെളിയും. മറ്റു ഇന്ധനങ്ങളുപയോഗിച്ചുള്ള വാഹനങ്ങളേക്കാള്‍ ചെലവ് കുറഞ്ഞതിനാല്‍ ഓട്ടോറിക്ഷത്തൊഴിലാളികള്‍ക്കും പ്രിയപ്പെട്ട വാഹനമായി മാറുകയാണ് ഇവ. 

മലപ്പുറം, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്. ഇലക്്ട്രിക് ഓട്ടോറിക്ഷകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ടാക്സി പെര്‍മിറ്റ് ആവശ്യമില്ലാതെ സര്‍വീസ് നടത്താനുള്ള അനുവാദവും വാഹനവകുപ്പ് നല്‍കുന്നുണ്ട്. 

മലിനീകരണം കുറയ്ക്കുന്നുവെന്നതിനാലും ലാഭകരമാണെന്ന് ബോധ്യപ്പെട്ടതിനാലുമാണ് ഇലക്ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കിയതെന്ന് കഴിഞ്ഞദിവസം പുതിയവാഹനം റോഡിലിറക്കിയ പാലത്തിങ്ങല്‍ മഞ്ഞിലാസ് ഹോളിഡേയ്‌സ് ഉടമ സി.കെ. നവാസ് പറയുന്നു. ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ചാര്‍ജ്ജ് ബൂസ്റ്റിങ് കേന്ദ്രങ്ങള്‍ കൂടുതല്‍സ്ഥലങ്ങളില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലെ ഹീറോ ആകുമെന്നാണ് കരുതുന്നത്.

Content Highlights: Eco Friendly, Economic; More People Prefer Electric Auto rickshaw In Malappuram