തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹരിത ഓട്ടോറിക്ഷകള്‍ക്ക് മാത്രമായി പുതിയ പെര്‍മിറ്റുകള്‍ നിജപ്പെടുത്തി വിജ്ഞാപനമിറങ്ങി. 3000 പെര്‍മിറ്റുകളാണ് പുതുതായി വിതരണം ചെയ്യുക. 

2000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും 1000 പ്രകൃതിസൗഹൃദ ഇന്ധന ഓട്ടോറിക്ഷകള്‍ക്കും നിരത്തിലിറങ്ങാന്‍ അനുമതി ലഭിക്കും. സി.എന്‍.ജി., എല്‍.എന്‍.ജി., എല്‍.പി.ജി. ഇന്ധനമാക്കിയ ഓട്ടോറിക്ഷകള്‍ക്കാണ് പെര്‍മിറ്റുകള്‍ ലഭിക്കുക. 

കോഴിക്കോട്ട് 4337-ഉം എറണാകുളത്ത് 4500-ഉം ഓട്ടോറിക്ഷകള്‍ക്കാണ് നിലവില്‍ പെര്‍മിറ്റുള്ളത്. ഈ നഗരങ്ങളില്‍ ഇനിമുതല്‍ ഇ-ഓട്ടോറിക്ഷകള്‍ക്കും പ്രകൃതിസൗഹൃദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയ്ക്കും മാത്രം പെര്‍മിറ്റ് ലഭിക്കും. 

Bajaj Electric Auto

രണ്ട് നഗരങ്ങളിലും അനധികൃത ഓട്ടോറിക്ഷകള്‍ വ്യാപകമാണ്. ഇതൊഴിവാക്കാന്‍ പുതിയ പെര്‍മിറ്റ് വിതരണത്തിലൂടെ കഴിയും. തിരുവനന്തപുരത്ത് 18,000 പെര്‍മിറ്റുകളാണ് നിലവിലുള്ളത്. പുതിയ അപേക്ഷകളില്ലാത്തതിനാല്‍ പെര്‍മിറ്റ് വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ഇവിടെ 30,000 പെര്‍മിറ്റുകള്‍വരെ അനുവദനീയമാണെങ്കിലും ഇനി പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് അനുമതി നല്‍കിയേക്കില്ല. അതേസമയം, ഇ-റിക്ഷയ്ക്കും സി.എന്‍.ജി., എല്‍.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കും പെര്‍മിറ്റ് ലഭിക്കും.

Content Highlights: Eco-Friendly Auto In Kerala Three Cities