ഇബുള്‍ജെറ്റിനായി മുറവിളി കൂട്ടുന്നവര്‍ അറിയണം, ഉള്ളിലായത് മോടിപിടിപ്പിച്ചതിനല്ല, അതിക്രമത്തിനാണ്‌


ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. ആര്‍.ടി.ഒ. ഓഫീസില്‍ 7000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പരാതി.

Screengrab: Youtube.com|JAIGURU SUJITH & Instagram|e_bull_jet

ത്തുലക്ഷത്തിലേറെ കാഴ്ചക്കാരുള്ള 'ഇ ബുള്‍ ജെറ്റ്' യൂട്യൂബ് ചാനലിലെ അവതാരകരെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അതിക്രമംകാട്ടിയതിന്റെ പേരില്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. വാന്‍ ലൈഫ് ഇന്ത്യ എന്ന പേരില്‍ വാനില്‍ യാത്രകള്‍ നടത്തുന്ന ഇരിട്ടി കിളിയന്തറ വിളമനയില്‍ നെച്ചിയാട്ട് എബിന്‍ വര്‍ഗീസ് (25), സഹോദരന്‍ ലിബിന്‍ വര്‍ഗീസ് (24) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ സബ് ജയിലിലേക്ക് മാറ്റി.

ഇവര്‍ ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് പിടിച്ചെടുത്തിരുന്നു. വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാനെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ എത്തിയ ഇവര്‍ ആര്‍.ടി.ഒ. കണ്‍ട്രോള്‍ റൂമിലേക്ക് ഇരച്ചുകയറി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഓഫീസിലുള്ളവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രോശിച്ച് പാഞ്ഞടുത്ത ഇവര്‍ ഭയാനകാന്തരീഷം സൃഷ്ടിക്കുകയായിരുന്നു. ആരാധകര്‍ എന്ന പേരില്‍ കുറെ ചെറുപ്പക്കാരും ഓഫീസ് പരിസരത്ത് തടിച്ചുകൂടി ബഹളംവെച്ചു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ചെയ്തത്. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു.

ട്രാവലര്‍ കാരവനാക്കി

ഇവരുപയോഗിക്കുന്ന ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്ന പരാതിയില്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ശനിയാഴ്ച വൈകുന്നേരം കിളിയന്തറയിലെ വീട്ടില്‍നിന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിച്ചിരുന്നു. പിന്നാലെ വന്ന എബിനും ലിബിനും രേഖകള്‍ അടുത്തദിവസം കൊണ്ടുവരാമെന്നും തത്കാലം വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ടതിനാല്‍ രാത്രി വിട്ടുകൊടുത്തു. വാഹനം കിട്ടിയതിനുപിന്നാലെ ഇവരുടെ ആരാധകരെന്ന് പറയുന്നവര്‍ വകുപ്പിനെയും പോലീസിനെയും അസഭ്യം പറഞ്ഞ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇതുകണ്ട ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വാഹനം പിടിച്ചെടുക്കാനും രേഖകള്‍ ശരിയാക്കിയശേഷം മാത്രം വിട്ടുകൊടുത്താല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥര്‍ വീണ്ടും പോയി വാഹനം കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എബിനും ലിബിനും പാഞ്ഞുവരികയായിരുന്നു. എബിന്‍ തന്റെ പക്കലുണ്ടായിരുന്ന രണ്ട് ഫോണിലൂടെയും ബഹളംവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലൈവായി പ്രചരിപ്പിക്കുകയുംചെയ്തു. വിവരമറിഞ്ഞ് എസ്.ഐ. ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി ഇരുവരെയും അറസ്റ്റ്‌ചെയ്ത് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റി.

പിഴ 43,400 രൂപ

വിശദപരിശോധനയില്‍ വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്നില്‍ മാത്രം കൂടുതലായി ഒന്‍പത് ലൈറ്റുകള്‍ പിടിപ്പിച്ചു. പിന്നില്‍ സൈക്കിള്‍സ്റ്റാന്‍ഡുകളും ഏണിയും ഘടിപ്പിച്ചിരുന്നു. ആര്‍.സി. ബുക്കില്‍ വണ്ടിയുടെ നിറം വെള്ളയെന്നാണെങ്കിലും യഥാര്‍ഥത്തില്‍ കറുപ്പാണ്. അനുമതിയില്ലാത്ത കൂളിങ് ഫിലിം ഒട്ടിക്കുകയും പിന്നിലെ ബ്രേക്ക്ലൈറ്റ് അവ്യക്തമാകുന്ന മറപിടിപ്പിക്കുകയുംചെയ്തു. മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും പ്രസ് ബോര്‍ഡും വെച്ചു. എല്ലാം ചേര്‍ത്ത് 43,400 രൂപയാണ് പിഴയടയ്‌ക്കേണ്ടത്.

കേസ് ജാമ്യമില്ലാവകുപ്പ് പ്രകാരം

ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ കേസെടുത്തത്. ആര്‍.ടി.ഒ. ഓഫീസില്‍ 7000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് പരാതി. ഇതുപ്രകാരം പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരം കേസുണ്ട്. ഒന്‍തുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353-ാം വകുപ്പും ചുമത്തി. ഇവ രണ്ടും ജാമ്യമില്ലാ വകുപ്പുകളാണ്.

മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയതിന് ഐ.പി.സി. 506, ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിന് ഐ.പി.സി. 341, അതിക്രമിച്ചുകയറിയതിന് ഒരുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 448 എന്നീ വകുപ്പുകള്‍ പ്രകാരവും ആറുമാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കേരള പോലീസ് ആക്ടിലെ സാംക്രമികരോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലും പരിസരത്തും കൂടിനിന്ന് ബഹളമുണ്ടാക്കിയ ഇവരുടെ ആരാധകരായ 24 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Content Highlights: Ebulljet Youtube Chennel, Van Life Traveler, MVD Kerala, Vehicle Modification


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented