ട്രാവല്‍ വ്‌ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരേയാണ് കണ്ണൂര്‍ കിളിയന്തറ സ്വദേശി എബിന്‍ വര്‍ഗീസും സഹോദരന്‍ ലിബിന്‍ വര്‍ഗീസും കോടതിയെ സമീപിച്ചത്.ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

മോട്ടോര്‍വാഹന നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. വാഹനത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയത് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയന്‍ കാരവാന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ പത്തിനാണ് മോട്ടോര്‍ വാഹനവകുപ്പ് താത്കാലികമായി റദ്ദാക്കിയത്. വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് ഇ-ബുള്‍ജെറ്റ് സഹോദരങ്ങള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 

വാഹനത്തില്‍ നിയമപ്രകാരമുള്ള മോടിപിടിപ്പിക്കല്‍ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിലപാട്. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.  

നെപ്പോളിയന്‍ കാരവാനില്‍ അനധികൃതമായി രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരം മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ വാഹനം കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തിയ വ്‌ളോഗര്‍മാര്‍ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് എം.വി.ഡി. പറഞ്ഞത്. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തില്‍ ഉള്ളതെന്നും ഇ ബുള്‍ജെറ്റ് അവകാശപ്പെട്ടിരുന്നു.

Content Highlights: E-Bull Jet Vloggers, E-Bull Jet Van Registration, Kerala High Court