ദുബായ് ടാക്‌സി കോര്‍പ്പറേഷന്റെ (ഡി.ടി.സി.) നിരയിലേക്ക് 1775 ഹൈബ്രിഡ് വാഹനങ്ങളുള്‍പ്പെടെ 2219 പുതിയ വാഹനങ്ങള്‍കൂടി ചേര്‍ക്കുന്നു. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ.)യാണ് ഇക്കാര്യമറിയിച്ചത്. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍.

ദുബായ് ടാക്‌സി നിരയിലെ മൊത്തം ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം ഇപ്പോള്‍ 4105 ആണ്. ഇത് ഡി.ടി.സി. നടത്തുന്ന മൊത്തം വാഹനങ്ങളുടെ 71 ശതമാനമാണ്. ദുബായ് ടാക്‌സി സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം സുഗമമാക്കുന്നതിനുമായാണ് മികച്ച യാത്രാനുഭവം നല്‍കാനുള്ള ഈ ശ്രമങ്ങള്‍.

ലിമോസിന്‍, എയര്‍പോര്‍ട്ട് ടാക്‌സികള്‍, സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുംവേണ്ടിയുള്ള പ്രത്യേക വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ ടാക്‌സി സേവനങ്ങളുടെ മികച്ച നിര ദുബായിലുണ്ട്. 2021-23 വര്‍ഷത്തില്‍ 51 സംരംഭങ്ങളാണ് ഡി.ടി.സി. നടപ്പാക്കാനുദ്ദേശിക്കുന്നത്.

2023-ഓടെ ടാക്‌സികളുടെ അഞ്ചുശതമാനം സ്വയംഭരണ വാഹനങ്ങളാക്കി മാറ്റും. കൂടാതെ പരിസ്ഥിതിസൗഹൃദ വാഹനങ്ങളുടെ അനുപാതം 56 ശതമാനമാക്കി ഉയര്‍ത്താനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

Content Highlights: Dubai taxi service, 2219, New cars, 1775 Hybrid vehicles, Driverless vehicles