എമിറേറ്റിലെ റോഡുകളിലൂടെ അനധികൃത റേസിങ് നടത്തിയ 50 കാറുകള്‍ ദുബായ് പോലീസ് പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുംവിധം ദുബായ് റോഡുകളെ റേസിങ് ട്രാക്കാക്കി മാറ്റിയതിനാണ് കര്‍ശനനടപടിയെന്ന് ട്രാഫിക് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു.
ഇത്തരം വിനോദപരിപാടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവര്‍ പലപ്പോഴും അജ്ഞരാണ്. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായാല്‍ ഗുരുതരമായ അപകടങ്ങളുണ്ടാകും. അനധികൃത റേസിങ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും അല്‍ മസ്രൂയി അഭ്യര്‍ഥിച്ചു.
നിയമം തെറ്റിക്കുന്നവര്‍ക്ക് 12,000 ദിര്‍ഹം പിഴ, 23 ബ്ലാക്ക് പോയന്റ്, 60 ദിവസം വാഹനം പിടിച്ചെടുക്കല്‍ എന്നിവയാണ് ശിക്ഷ. താമസക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നവിധം വാഹനമോടിച്ചാല്‍ 12,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കും.
ട്രാഫിക് പോലീസുകാരില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ 10,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയന്റ്, 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നിവ നേരിടേണ്ടിവരും. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് പോലീസിന്റെ 901 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിവരമറിയിക്കാം.
Content Highlights: Dubai Police seize 50 Cars For Illegal Racing