മികച്ച ഡ്രൈവര്‍മാര്‍ക്ക് അബുദാബി പോലീസ് ഹാപ്പിനസ് പട്രോളിങ് വിഭാഗം എക്സ്‌പോ പാസ്‌പോര്‍ട്ട് സമ്മാനിച്ചു. എക്‌സ്‌പോയോടനുബന്ധിച്ച് ദുബായില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെക്കുന്നവരെ ആദരിക്കുന്ന പദ്ധതി പ്രകാരമാണിത്.

ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് യു.എ.ഇ.യില്‍ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവര്‍ നിയമം കൃത്യമായി പാലിക്കാന്‍ തയ്യാറാകണം. അമിതവേഗവും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തതും അശ്രദ്ധയുമാണ് നിരത്തുകളിലെ അപകടങ്ങളില്‍ പ്രധാന കാരണമാകാറുള്ളത്. 

ലോകജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി സമഗ്രഗതാഗത സംവിധാനമാണ് നടപ്പാക്കുന്നതെന്നും പോലീസ് അറിയിച്ചു. യു.എ.ഇ.യില്‍ നടക്കുന്ന ലോകമേളയായ എക്സ്‌പോ 2020-യുടെ പശ്ചാത്തലത്തില്‍ പോലീസ് നടപ്പാക്കിയ ക്ഷേമപദ്ധതിയോടുള്ള നന്ദി ഡ്രൈവര്‍മാരും പൊതുജനങ്ങളും പങ്കുവെച്ചു.

Content Highlights; Dubai Expo 2020, Obey Traffic Rule, Abu Dhabi Police, Traffic Rule Violations