ദുബായ് ആർ.ടി.എ.യുടെ സ്മാർട്ട് ബസുകൾ | ഫോട്ടോ: മാതൃഭൂമി
നൂതന സാങ്കേതികവിദ്യയായ നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തി ദുബായിലെ ബസുകള്‍ കൂടുതല്‍ സ്മാര്‍ട്ടാവും. ബസുകളുടെ പ്രവര്‍ത്തനം ആര്‍.ടി.എ. കേന്ദ്രങ്ങളില്‍നിന്നുകൊണ്ടുതന്നെ മനസ്സിലാക്കാനാവുന്ന സാങ്കേതികസൗകര്യങ്ങളാണ് ഒരുക്കുക. ആലിബാബ ക്ലൗഡ് വികസിപ്പിച്ച 'സിറ്റി ബ്രെയിന്‍' എന്ന സംവിധാനത്തിലൂടെ നോള്‍കാര്‍ഡ് പരിശോധിച്ച് ബസ് യാത്രകള്‍ നിയന്ത്രിക്കാനും നഗരഗതാഗതം കാര്യക്ഷമമാക്കാനും കഴിയും.
യാത്രാസംവിധാനം 17 ശതമാനവും ശരാശരി കാത്തിരിപ്പുസമയം 10 ശതമാനവും ശരാശരി ബസ് ഉപയോഗം അഞ്ചുശതമാനവും മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസുകളില്‍ സ്ഥാപിക്കുന്ന ടെലിമാറ്റിക് സംവിധാനത്തിലൂടെ ബസുകളുടെ പ്രവര്‍ത്തനരീതികള്‍ അല്‍ഖൂസ് ബസ് ഡിപ്പോയിലിരുന്നുതന്നെ വിലയിരുത്താനാവും. 516 വോള്‍വോ ബസുകളില്‍ ഇതിനകം സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം 47 മുന്നറിയിപ്പുകളും ഇതിലൂടെ നല്‍കാനാവും.
കൃത്യമായ ആസൂത്രണത്തിലൂടെ ഇന്ധന ഉപഭോഗം അഞ്ചുശതമാനം കുറയ്ക്കാനും ഇത് സഹായകമാവും. ഇത് സുരക്ഷാനിലവാരം ഉയര്‍ത്താനും യാത്രികര്‍ക്ക് മികച്ച അനുഭവം പ്രദാനംചെയ്യാനും സഹായകമാവുമെന്ന് ആര്‍.ടി.എ. ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തയര്‍ പറഞ്ഞു. പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും അതിലൂടെ കുറ്റമറ്റ യാത്രാനുഭവം ഉറപ്പാക്കാനും കഴിയും.
കൂടുതല്‍പ്പേര്‍ക്ക് യാത്രചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2,452 ചതുരശ്രമീറ്ററില്‍ ആറ് കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ പ്രതിദിനം 15,000 പേരെ ഉള്‍ക്കൊള്ളാനാവും. 19,000 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ജാഫിലിയ സ്റ്റേഷനില്‍ ഒട്ടേറെ പാര്‍ക്കിങ്ങുകളും പ്രത്യേക സൗകര്യങ്ങളും ഉള്‍പ്പെടുന്നു. പ്രതിദിനം 7000 ആളുകളെ ഉള്‍ക്കൊള്ളാനുള്ള സംവിധാനം ഇവിടെയുണ്ട്.
2,180 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള യൂണിയന്‍ ബസ്സ്റ്റേഷന്‍ 7500 യാത്രക്കാര്‍ക്ക് പ്രതിദിനസേവനം ലഭ്യമാക്കും. ഇത്തിസലാത്ത് മെട്രോ സ്റ്റേഷനുമായി ചേര്‍ന്നുള്ള ബസ് സ്റ്റേഷനില്‍ 4,500 യാത്രികര്‍ക്കുള്ള സൗകര്യമുണ്ട്. 708 ചതുരശ്രമീറ്ററാണ് ഇതിന്റെ വലിപ്പം. ഊദ് മേത്തയിലെ 9,640 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള ബസ് സ്റ്റേഷനില്‍ 10,000 യാത്രികരെ പ്രതിദിനം ഉള്‍ക്കൊള്ളും. സത്വ ബസ് സ്റ്റേഷനില്‍ 11,912 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള സംവിധാനമാണുള്ളത്. 15,000 യാത്രികരെ ഇവിടെ ഉള്‍ക്കൊള്ളും.
Content Highlights: Dubai Buses Gets Artificial Intelligence, Smart Bus Project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..