വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീണു. കുട്ടിയുടെ അമ്മാവന് 25,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം കളമശ്ശേരിയില്‍ 16 വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ 'കുട്ടിഡ്രൈവര്‍' മാരെ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിരുന്നു. 

ഇതേ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുസാറ്റിന് സമീപം കുമ്മന്‍ചേരി ജങ്ഷനില്‍ 17 വയസ്സുകാരന്‍ വലയിലായത്. സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കൈയോടെ പിടികൂടുകയായിരുന്നു.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നല്‍കി. വണ്ടിയോടിച്ച കുട്ടിക്കെതിരേ ജൂവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു.

വിദ്യാര്‍ഥിക്ക് ഡ്രൈവിങ് ലൈസന്‍സ് 25 വയസ്സാകാതെ നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജോയ് പീറ്റര്‍, അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സി.എന്‍. ഗുമുദേശ്, ടി.എസ്. സജിത് എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

Content Highlights: Driving Without Licence, Child Driving, Plus Two Student Driving