പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ക്ക് പുതുപുത്തന്‍ ബൈക്കും കൊടുത്തുവിടുന്ന രക്ഷിതാക്കള്‍ ജാഗ്രതൈ. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഇത്തരത്തില്‍ സ്‌കൂള്‍ വിടുന്നസമയത്ത് ബൈക്കില്‍ കറങ്ങിനടന്ന 16 കൗമാരക്കാരുടെ രക്ഷിതാക്കള്‍ക്ക് ട്രാഫിക് പോലീസ് 5000 രൂപവീതം പിഴയടിച്ചു. 

മോയന്‍ സ്‌കൂള്‍ ഉള്‍പ്പെടെ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്നസമയത്ത് കറങ്ങിയടിച്ചുനടന്നവരാണ് പിടിയിലായത്. ചൊവ്വാഴ്ച 11 പേരെയും ബുധനാഴ്ച അഞ്ച് പേരെയും പിടികൂടിയതായി ട്രാഫിക് എസ്.ഐ. എം.ഇ. മുഹമ്മദ് കാസിം പറഞ്ഞു. 

പിടിയിലായവരില്‍ പാതിയും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 20 വയസ്സിന് മുകളിലുള്ള നാലുപേരുണ്ടായിരുന്നു. ഇവര്‍ക്ക് നാലുപേര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വാഹനം കൈമാറിയത്.

പുതിയ നിയമം അനുസരിച്ച് കുട്ടികള്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിയിലായാല്‍ വാഹന ഉടമയുടെ പേരിലോ രക്ഷിതാക്കളുടെ പേരിലോ പോലീസ് കേസുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് പുതിയ ഗതാഗത നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Content Highlights: Driving Without Licence; 16 Parents Get Rupees 5000 Penalty