മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ വീണ്ടും നിരത്തിലുരുണ്ടു തുടങ്ങുകയാണ്. കോവിഡ് നിയന്ത്രണം സ്‌കൂള്‍ നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പഠിതാക്കള്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ടവര്‍ വരുമാനമില്ലാതെ നട്ടംതിരിയമ്പോള്‍ ജോലിക്കും മറ്റുമായി ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പഠിതാക്കള്‍.

കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഒ. ഓഫീസിനു കീഴില്‍ ഏപ്രില്‍ 17-നാണ് അവസാനമായി ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് നടന്നത്.കോവിഡ് നിയന്ത്രണത്തിന്റെയും ലോക്ഡൗണിന്റെയും പേരില്‍ ഏപ്രിലില്‍ നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ ഭാഗികമായി പോലും വീണ്ടും തുടങ്ങാന്‍ അധികൃതര്‍ തയ്യാറായില്ല. 

മറ്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ഇളവുകള്‍ അനുവദിക്കുമ്പോഴും ഡ്രൈവിങ് സ്‌കൂള്‍ മേഖലയെ സഹായിക്കാന്‍ അധികാരികള്‍ മറന്നതായി പരാതിയുയര്‍ന്നിരുന്നു. ആദ്യ ലോക്ഡൗണിനുശേഷം കര്‍ശന നിയന്ത്രണത്തോടെയാണ് ടെസ്റ്റുകള്‍ നടന്നിരുന്നത്. കോവിഡില്ലെന്ന സാക്ഷ്യപത്രമുള്ളവരെ മാത്രമാണ് ടെസ്റ്റിന് അനുവദിച്ചിരുന്നത്. 

അതേ രീതി തുടരണമെന്നാണ് ഡ്രൈവിങ് സ്‌കൂളുകാരും പഠിതാക്കളും ആവശ്യപ്പെടുന്നത്. ഉടമയ്ക്ക് പുറമെ ഡ്രൈവിങ് പരിശീലകരും ഓഫീസ് ജീവനക്കാരുമായി അഞ്ചാളുകള്‍ ഒരു ഡ്രൈവിങ് സ്‌കൂളുമായി ബന്ധപ്പെട്ട് കഴിയുന്നുണ്ട്. അവരുടെ കുടുംബങ്ങളുടെ കാര്യം കഷ്ടത്തിലാണ്. വായ്പയെടുത്തും മറ്റുമാണ് പലരും ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയത്.

വാഹനങ്ങള്‍ തുരുമ്പെടുത്തു

അച്ഛന്‍ തുടങ്ങിയ ഡ്രൈവിങ് സ്‌കൂളാണ്. ഓട്ടോമൊബൈല്‍ കോഴ്സ് ജയിച്ചിട്ടുണ്ട്. 2012-ല്‍ അച്ഛന്‍ മരിച്ചശേഷം ഞാനാണ് സ്ഥപനം നടത്തുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ കഷ്ടത്തിലാണ്. സ്ഥാപനത്തില്‍ മുന്നൂറോളം പഠിതാക്കള്‍ ലേണേഴ്സ് പരീക്ഷ ജയിച്ച് ടെസ്റ്റിനായി കാത്തു നില്‍ക്കുന്നുണ്ട്. അവരോട് മറുപടി പറഞ്ഞ് മടുത്തു. പരിശീലനത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു തുടങ്ങി. കഴിഞ്ഞ ലോക്ഡൗണിനുശേഷം 20,000 രൂപയോളം വണ്ടികളുടെ അറ്റകുറ്റപ്പണിക്ക് ചെലവായി. ഉദ്യോഗസ്ഥന്‍ ഒന്നിച്ച് വേണ്ടാത്ത ഇരുചക്രവാഹന ടെസ്റ്റെങ്കിലും അനുവദിക്കാമായിരുന്നു

കിരണ്‍, കിരണ്‍ ഡ്രൈവിങ് സ്‌കൂള്‍, തൃക്കരിപ്പൂര്‍

ടെസ്റ്റിനായി കാത്തിരിക്കുന്നു

ഓഗസ്റ്റ് മുതല്‍ സ്‌കൂളില്‍നിന്നുതന്നെ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പറഞ്ഞുകേള്‍ക്കുന്നു. സുരക്ഷിതമായി സ്‌കൂളിലെത്താനാണ് ഇരുചക്രവാഹനം വാങ്ങാന്‍ തീരുമാനിച്ചത്. അതിന് മുന്നോടിയായാണ് ഡ്രൈവിങ് ലൈസന്‍സിന് ശ്രമിക്കുന്നത്. ലേണിങ് ടെസ്റ്റ് ജയിച്ച് ടെസ്റ്റിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നുമാസമായി. ഏതായാലും പുതിയ തീരുമാനം ആശ്വാസമായി.

കെ.ധന്യ, അധ്യാപിക, പെരിയ

ജീവിതം വഴിമുട്ടി

ഉപജീവനമാര്‍ഗമാണ് ഡ്രൈവിങ് സ്‌കൂള്‍. സ്ഥാപനം അടഞ്ഞതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. വാടക, വണ്ടികളുടെ വായ്പ എല്ലാം മുടങ്ങി. ഒന്നിച്ചു പണിയെടുക്കുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. ഇളവനുവദിക്കാനുള്ള തീരുമാനം ആശ്വാസമേകുന്നതാണ്.

പി.ജെ.ജോണി, സൗമ്യ ഡ്രൈവിങ് സ്‌കൂള്‍, ചെറുപുഴ

യാത്ര പട്ടിണിയിലേക്ക്

സ്വയംതൊഴില്‍ എന്ന നിലയില്‍ രണ്ടുകൊല്ലം മുന്‍പാണ് ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങിയത്. പണ്ടം പണയപ്പെടുത്തിയാണ് വണ്ടിയും മറ്റും വാങ്ങാനുള്ള പണം കണ്ടെത്തിയത്. വാടകവീട്ടിലാണ് താമസം. ജീവിതം വഴിമുട്ടി. പട്ടിണിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇപ്പഴെങ്കിലും തങ്ങളുടെ പരാതി കേട്ടതില്‍ സന്തോഷം.

കെ.ഉഷ, മാരുതി ഡ്രൈവിങ് സ്‌കൂള്‍, മാവുങ്കാല്‍

Content Highlights: Driving Training And Licence Test Starts From July 19, Driving School, MVD kerala