കോവിഡ് രാണ്ടാം തരംഗവും അതേതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിലും ഡ്രൈവിങ്ങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. എന്നാല്‍, മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഡ്രൈവിങ്ങ് പരിശീലനവും ലൈസന്‍സ് ടെസ്റ്റും പുനരാരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഡ്രൈവിങ്ങ് പരിശീലനം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കിയിട്ടുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂര്‍ണമായും പാലിച്ച് വേണം ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനെന്ന് മന്ത്രി ആന്റണി രാജു മുന്നിറിയിപ്പ് നല്‍കി.

പരിശീലന സമയത്ത് വാഹനത്തില്‍ പരിശീലകന് പുറമെ ഒരു പഠിതാവ് മാത്രമേ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുന്‍കരുതലുകളും സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ജൂലൈ 19 തിങ്കാളാഴ്ച മുതല്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് മന്ത്രിയുടെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. ലോക്ഡൗണില്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വാഹനങ്ങള്‍ക്ക് കേടുപടുകള്‍ സംഭവിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു.

Content Highlights: Driving Training And Licence Test Starts From July 19