കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് സ്‌കൂളുകള്‍ സൊസൈറ്റികള്‍ രൂപവത്കരിച്ച് അക്രഡിറ്റഡ് സ്‌കൂളുകള്‍ തുടങ്ങാന്‍ ആലോചന. ഓരോ ആര്‍.ടി. ഓഫീസിനു കീഴിലുള്ള യൂണിറ്റുകള്‍ ചേര്‍ന്ന് നടപ്പാക്കാനുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്.

അക്രഡിറ്റഡ് പരിശീലന കേന്ദ്രത്തിന് കോടികള്‍ മുതല്‍മുടക്ക് വരും. ഒരു ഡ്രൈവിങ് സ്‌കൂളിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. അതിനാലാണ് യൂണിറ്റ് തലത്തില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ഒരുമിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ജൂലായ് ഒന്നുമുതലാണ് പുതിയ നിയമം വരുന്നത്. എന്നാല്‍, തലശ്ശേരിയില്‍ അല്ലാതെ മറ്റെവിടെയും നിയമം അനുശാസിക്കുന്ന രീതിയിലുള്ള സംവിധാനം ഇല്ല. ഉത്തരവ് വന്നാലുടനെ മാറ്റം വരുത്താന്‍ കഴിയില്ലെന്നും സമയം നല്‍കണമെന്നുമാണ് ഡ്രൈവിങ് സ്‌കൂളുകളുടെ ആവശ്യം.

ക്രമീകരണങ്ങള്‍ നടപ്പിലാകുന്നതു വരെ മുന്‍ രീതിയിലുള്ള ടെസ്റ്റുകള്‍ നടത്താനുള്ള അനുമതിയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൊസൈറ്റി രൂപവത്കരണത്തിനും പരിശീലന കേന്ദ്ര നടത്തിപ്പിനുമായുള്ള മൂലധനം കണ്ടെത്താനും ബുദ്ധിമുട്ടാണ്. സര്‍ക്കാര്‍ തലത്തില്‍ സഹായമോ കുറഞ്ഞ പലിശയില്‍ വായ്പയോ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

'പുതിയ നിയമം നടപ്പാക്കുന്നതിനെപ്പറ്റിയുള്ള നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനോ ഡ്രൈവിങ് സ്‌കൂളുകള്‍ക്കോ അറിയിപ്പായി ലഭിച്ചിട്ടില്ല. പുതിയ ഉത്തരവ് പ്രകാരം ഐ.ടി.ഐ./മെക്കാനിക്‌സ് പഠിച്ചവര്‍ക്കാണ് ഇനിമുതല്‍ പഠിപ്പിക്കാനുള്ള അനുമതി. നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം സൗകര്യമൊരുക്കിയാല്‍ ഡ്രൈവിങ് പരിശീലനത്തിന്റെ ഫീസും കൂട്ടേണ്ടതായി വരും'.

- എം.വി. മനോജ്, ഡ്രൈവിങ് സ്‌കൂള്‍ പരിശീലകന്‍

അക്രഡിറ്റഡ് പരിശീലന കേന്ദ്രം

  • ഇരുചക്ര, മുച്ചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരേക്കറും ഇവയ്ക്കു പുറമെ ഹെവി-പാസഞ്ചര്‍ വാഹനങ്ങളുടെ പരിശീലനത്തിന് രണ്ട് ഏക്കര്‍ വസ്തുവും വേണം
  • കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, േബ്രാഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജര്‍ എന്നീ സംവിധാനങ്ങളുള്ള രണ്ട് ക്ലാസ് മുറികള്‍ വേണം. ട്രാഫിക് നിയമങ്ങള്‍, പ്രഥമ ശുശ്രൂഷ, വാഹന മെക്കാനിസം, ഡ്രൈവിങ് പാഠങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് പാഠ്യപദ്ധതി
  • വളവ്, എട്ടാകൃതി, കയറ്റിറക്കം, റിവേഴ്സ് എന്നിവ പരിശീലിപ്പിക്കാന്‍ ഡ്രൈവിങ് ട്രാക്ക്, വര്‍ക്ഷോപ്പ്
  • പരിശീലകനും പരിശീലിപ്പിക്കുന്ന വാഹനത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം
  • കേന്ദ്രത്തിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്, ശേഷം പുതുക്കണം
  • തുടങ്ങുന്ന വ്യക്തിക്കോ ജീവനക്കാരനോ മോട്ടോര്‍ മെക്കാനിക്കില്‍ മികവ് തെളിയിച്ച രേഖയുണ്ടാവണം

Content Highlights: Driving Schools Form Society For Making Accredited Driving Training Centers