ഡ്രൈവിങ് ലൈസന്‍സുകള്‍ക്കായി ഇനി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ കയറിയിറങ്ങേണ്ട. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പുതിയ ഉത്തരവനുസരിച്ച് ആര്‍.ടി. ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെത്തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുക്കുകയാണ്. അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയ്‌നിങ് സെന്ററുകളില്‍നിന്ന് പരിശീലനം നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ആര്‍.ടി. ഓഫീസുകളില്‍നിന്ന് ലൈസന്‍സ് ലഭിക്കുന്നതാണ് പുതിയ ഉത്തരവ്.

ക്ലാസ് മുറി വേണം, പണിശാലയും

ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങളുടെ മാനദണ്ഡങ്ങളും പഠിപ്പിക്കേണ്ട വിഷയങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പരിശീലനകേന്ദ്രങ്ങള്‍ക്കുള്ള ചട്ടങ്ങള്‍ ജൂലായ് ഒന്നുമുതല്‍ നിലവില്‍വരും. സംസ്ഥാനത്ത് എത്ര പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ സമതലപ്രദേശത്ത് രണ്ടേക്കറും മലയോരപ്രദേശത്ത് ഒരേക്കറും ഭൂമി വേണമെന്നാണ് വ്യവസ്ഥ. 

രണ്ട് ക്ലാസ് മുറിയും കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രോജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് എന്നിവയും വേണം. കയറ്റിറക്കമടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക് ഉണ്ടാവണം. പണിശാലയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് ജയിച്ചവരില്‍ അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് ഡ്രൈവിങ് പരിശീലനകേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിക്കുക. 

കേന്ദ്രം തുടങ്ങുന്ന വ്യക്തിക്കോ ജീവനക്കാരനോ മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച സര്‍ട്ടിഫിക്കറ്റ് വേണം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മുന്‍ഗണനയുണ്ട്. കേന്ദ്രത്തിന്റെ അനുമതി അഞ്ചുകൊല്ലം കൂടുമ്പോള്‍ പുതുക്കണം.

വാഹനമനുസരിച്ച് ക്ലാസുകള്‍

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗതവിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്രഅറിവ്, പബ്ലിക് റിലേഷന്‍, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസില്‍ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തില്‍ തിയറിയില്‍ എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കല്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുടച്ചുനീക്കുമോ ചെറുകിടക്കാരെ?

കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ നാലായിരത്തോളം വരുന്ന ചെറുകിട ഡ്രൈവിങ് സ്‌കൂളുകള്‍ നിലനില്‍പ്പുഭീഷണി നേരിടുകയാണ്. കാരണം പുതിയ നിയമമനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഒരേക്കറിലധികം സ്ഥലമുള്ളവര്‍ക്ക് പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാനാവും. . കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥയനുസരിച്ച് പുതിയ പരിശീലനകേന്ദ്രം തുടങ്ങാന്‍ മിനിമം ഒന്നരക്കോടി രൂപ മുതല്‍മുടക്കണം. അതിനുള്ള സാമ്പത്തികസ്ഥിതി ഇവര്‍ക്കില്ലതാനും.

Content Highlights: Driving Licence With Out Road Test, Accredited Drivers Training Centres