സ്വാശ്രയത്വത്തിന്റെ പ്രതീകമായി പരിഗണിക്കപ്പെടുന്ന ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ വര്‍ധന. 2010 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ലൈസന്‍സ് എടുക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടിയും കുറഞ്ഞും 3,72,567-ല്‍നിന്ന് 3,62,869 ആയപ്പോള്‍ ഇതേ കാലയളവില്‍ സത്രീകളുട എണ്ണം 94,125-ല്‍നിന്ന് 1,99,155 ആയി. ഇരട്ടിയോളം വര്‍ധന.

2010-ല്‍ ആകെ ലൈസന്‍സ് എടുക്കുന്നവരില്‍ സ്ത്രീകള്‍ 20.16 ശതമാനമായിരുന്നെങ്കില്‍ 2019-ല്‍ 35.43 ശതമാനമായി. 2018-നെ അപേക്ഷിച്ച് 2019-ല്‍ നേരിയ കുറവുണ്ടായെന്ന് മാത്രം. പക്ഷേ, കോവിഡ് സാരമായി ബാധിച്ച 2020, 2021 വര്‍ഷങ്ങളില്‍ ലൈസന്‍സ് എടുത്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്ന് ലഭ്യമായ കണക്ക് പ്രകാരം 2010-ല്‍ സംസ്ഥാനത്ത് 4,66,701 പേരാണ് ലൈസന്‍സ് എടുത്തത്. ഇതില്‍ പുരുഷന്‍മാന്‍ 79 ശതമാനത്തിലേറെയും സ്ത്രീകള്‍ 20 ശതമാനത്തിലേറെയുമായിരുന്നു. എന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷവും സ്ത്രീകളുടെ അനുപാതത്തില്‍ രണ്ടുശതമാനം വര്‍ധനയുണ്ടായി. 

2020-ല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ലൈസന്‍സ് ടെസ്റ്റ് ചുരുക്കമായിരുന്നു. ആകെ 2,92,726 പേര്‍ മാത്രമാണ് ലൈസന്‍സ് എടുത്തത്. ഇതില്‍ സ്ത്രീകള്‍ 83,443 മാത്രമായിരുന്നു. ഈ വര്‍ഷം 6,17,293 പേര്‍ ഇതുവരെ ലൈസന്‍സ് എടുത്തു. അതിലും സ്ത്രീകളുടെ അനുപാതം കുറവായിരുന്നു-1,72,146 പേര്‍ മാത്രം (27.88 ശതമാനം).

ജോലിക്കാരികളും ഭര്‍ത്താക്കന്‍മാര്‍ സ്ഥലത്തില്ലാത്തവരും വിദ്യാര്‍ഥിനികളുമാണ് ഡ്രൈവിങ് പഠിക്കാനെത്തുന്നവരില്‍ ഏറെയുമെന്ന് ഡ്രൈവിങ് പരിശീലനകേന്ദ്രം നടത്തിപ്പുകാര്‍ പറയുന്നു. അധികവും ഇരുചക്രവാഹനം പഠിക്കാനാണ് വരുന്നത്. കോളേജ് വിദ്യാര്‍ഥിനികള്‍ ഏറെയും 'വിത്ത് ഗിയര്‍' ലൈസന്‍സിനാണ് വരുന്നത്. സ്വന്തമായി വാഹനമോടിച്ച് കുട്ടികളെ സ്‌കൂളിലാക്കുന്ന അമ്മമാരുടെ എണ്ണവും കൂടിവരികയാണെന്നും പരിശീലകര്‍ പറയുന്നു.

Driving Licence

Content Highlights: The number of women getting driving licenses increased