ടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കോഴിക്കോട്ടെ ഡ്രൈവിങ് സ്‌കൂള്‍ മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേഡ് ചോര്‍ത്തി കൃത്രിമം നടത്തിയതായി കേസ്. കോവൂരിലെ നസീറ ഡ്രൈവിങ് സ്‌കൂള്‍ തട്ടിപ്പ് നടത്തിയെന്നാണു കേസ്. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2019-ല്‍ കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ വിനോദ് ഡ്രൈവിങ് സ്‌കൂളില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ടെസ്റ്റിനും ഫീസിനത്തിലും കൈകാര്യ ചെലവായും 6200 രൂപ സ്‌കൂളുകാര്‍ വാങ്ങി. എന്നാല്‍, നടനറിയാതെ കോഴിക്കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ പാസ്‌വേഡ് ചോര്‍ത്തി മാര്‍ച്ച് ഒന്നിന് രാത്രി എട്ടിനും 8.40-നും മധ്യേ ഡ്രൈവിങ് സ്‌കളുകാര്‍ കൃത്രിമമായി ലൈസന്‍സ് പുതുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ലൈസന്‍സ് പുതുക്കുന്നത് വിജയകരമായി പൂര്‍ത്തിയായതായി സാരഥി വെബ്സൈറ്റില്‍നിന്ന് നാലുതവണ സന്ദേശം വന്നപ്പോള്‍ സംശയംതോന്നിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിവരം ആര്‍.ടി.ഒ.യെ അറിയിച്ചു. തുടര്‍ന്ന് പാസ്‌വേഡ് മാറ്റി. അതിനുശേഷം ആര്‍.ടി.എ. അധികൃതര്‍ സൈബര്‍ സെല്ലില്‍ വിവരം അറിയിക്കുകയായിരുന്നു.

കാലാവധി തീര്‍ന്ന് ഒരുവര്‍ഷം കഴിഞ്ഞ ലൈസന്‍സ് റോഡ് ടെസ്റ്റ് ഇല്ലാതെ പുതുക്കിയത് ക്രമക്കേട് നടന്നതിനു തെളിവായി. സൈബര്‍ പോലീസ് ഡ്രൈവിങ് സ്‌കൂളിന്റെ ഹാര്‍ഡ് ഡിസ്‌കും മോഡവും പിടിച്ചെടുത്തു. കൃത്രിമം നടന്നപ്പോഴത്തെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് വീണ്ടെടുക്കാന്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. കൃത്രിമം കാണിച്ചിട്ടില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകാര്‍ പോലീസില്‍ പറഞ്ഞിട്ടുള്ളത്.

അറിയുന്നത് പോലീസ് പറഞ്ഞപ്പോള്‍- വിനോദ് കോവൂര്‍

സൈബര്‍ പോലീസ് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പിനു വിധേയനായതായി താന്‍ അറിയുന്നതെന്നും തനിക്കിപ്പോള്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥിതിയാണെന്നും വിനോദ് കോവൂര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. പരിഹാരം തേടി വ്യാഴാഴ്ച നടന്‍ ആര്‍.ടി.എ. അധികൃതരെ സമീപിക്കും. നടന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സൈബര്‍ വിഭാഗം സി.ഐ. പ്രതാപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മുതലെടുത്തത് 'സാരഥി'യുടെ പിഴവ്

വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്വേഡ് മോഷ്ടിച്ച് ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ശ്രമിച്ചത് 'സാരഥി' സോഫ്റ്റ്വേറിലെ സുരക്ഷാ വീഴ്ച മുതലെടുത്തെന്ന് നിഗമനം. ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുള്ള രാജ്യവ്യാപക കംപ്യൂട്ടര്‍ ശൃംഖലയായ 'സാരഥി'യില്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രവേശിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബയോമെട്രിക് സംവിധാനമോ ഒറ്റത്തവണ പാസ്വേഡ് രീതിയോ നിലവിലില്ല. 

ഓരോതവണ ലോഗിന്‍ ചെയ്യുമ്പോഴും എസ്.എം.എസ്. വരാറുണ്ട്. പല ഉദ്യോഗസ്ഥരും ഇതു ശ്രദ്ധിക്കാറില്ല. ഈ പിഴവ് മുതലെടുത്ത് മറ്റുപലരും ക്രമക്കേട് കാണിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സോഫ്റ്റ്വേറിന്റെ ചുമതലയുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ഇക്കാര്യം അറിയിച്ചു. സുരക്ഷാ വീഴ്ച പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

Content Highlights: Driving Licence Renewal Cheating, Police Register Case, Actor Vinod Kovoor