സംസ്ഥാനത്തെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌(ആര്‍.ടി.) ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലും അപേക്ഷകര്‍ ഏറ്റെടുക്കാതെ തിരിച്ചെത്തി കെട്ടിക്കിടക്കുന്നത് ഏതാണ്ട് 20,000 ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും. പുതിയ വാഹനങ്ങളുടെയും ആര്‍.സി. പുതുക്കിയ വാഹനങ്ങളുടെയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുമാണ് കെട്ടിക്കിടക്കുന്നത്. 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വിതരണം ചെയ്തവയാണിവ.

കോഴിക്കോട് ആര്‍.ടി. ഓഫീസില്‍മാത്രം 1800 രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും 1200 ലൈസന്‍സുകളുമാണ് കെട്ടിക്കിടക്കുന്നത്. ഇതിനുപുറമേ കൊയിലാണ്ടി സബ് ആര്‍.ടി. ഓഫീസില്‍ അഞ്ഞൂറിലധികം ലൈസന്‍സുകളും ആര്‍.സികളുമുണ്ട്. മലപ്പുറം ആര്‍.ടി. ഓഫീസില്‍ 201 രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് തിരിച്ചുവന്നിട്ടുള്ളത്. കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ 269 രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും 127 ലൈസന്‍സുകളുമുണ്ട്. 

തൃശ്ശൂര്‍ ജില്ലയില്‍ നൂറിലധികം ലൈസന്‍സുകളും 200 രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കെട്ടിക്കിടക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളുമായി 1500 എണ്ണമുണ്ട്. വയനാട്ടില്‍ 58 ലൈസന്‍സുകളും ആര്‍.സികളുമുണ്ട്. മറ്റു ജില്ലകളിലുള്ളവയുടെ കണക്കുകള്‍ മോട്ടോര്‍വാഹനവകുപ്പ് ശേഖരിച്ചുവരുകയാണ്.

തപാല്‍വഴിയാണ് ആര്‍.സിയും ലൈസന്‍സും അയക്കുന്നത്. തെറ്റായ മേല്‍വിലാസമാണ് ഇവ തിരിച്ചുവരാന്‍ പ്രധാന കാരണം. വിന്‍ഡോ എന്‍വലപ്പിലാണ് ( വിലാസം എഴുതിയ ഭാഗം പുറത്തുകാണുന്ന കവര്‍) ലൈസന്‍സും ആര്‍.സിയും അയക്കുന്നത്. കവറിനു പുറത്തേക്ക് മുഴുവന്‍ വിലാസവും ഫോണ്‍നമ്പറും കാണാന്‍ സാധിക്കാത്തതും വിതരണം ചെയ്യുന്നതില്‍ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലോക്ഡൗണും പ്രാദേശികമായ നിയന്ത്രണങ്ങളും കാരണം അപേക്ഷകന് നേരിട്ടെത്തിക്കാന്‍ കഴിയാത്ത സാഹചര്യവും ചിലയിടങ്ങളിലെങ്കിലും ഉണ്ട്.

എന്നാല്‍, കിട്ടാത്ത സര്‍ട്ടിഫിക്കറ്റിനും ലൈസന്‍സിനുമായി ആളുകള്‍ ആര്‍.ടി. ഓഫീസുകളില്‍ എത്താത്തത് ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുന്നുണ്ട്. കെട്ടിക്കിടക്കുന്നവ പെട്ടെന്ന് അപേക്ഷകരിലെത്തിക്കാനായി കോഴിക്കോട് ആര്‍.ടി. ഓഫീസിന്റെ നേതൃത്വത്തില്‍ 2020-ല്‍ അദാലത്ത് നടത്തിയിരുന്നു. ഒരാള്‍ മാത്രമാണ് ഇതിനെത്തിയത്. സംസ്ഥാനമൊട്ടാകെ ഇത്തരം അദാലത്ത് നടത്താന്‍ തിരുമാനിച്ചിട്ടുണ്ടെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടി.സി. വിനീഷ് പറഞ്ഞു. അദാലത്തുകളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായെത്തിയാല്‍ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നേരിട്ടുനല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ എന്ന ആപ്പുപയോഗിച്ച് ലൈസന്‍സുകളും ആര്‍.സികളും ഡിജിറ്റലായി സൂക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. വാഹനപരിശോധനകളില്‍ ഡിജിലോക്കറിലുള്ള രേഖ കാണിച്ചാല്‍മതി. അതാവാം, ആളുകള്‍ അസ്സല്‍ രേഖകള്‍ക്കായി അന്വേഷിച്ചെത്താത്തതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

അസ്സല്‍രേഖകള്‍ നിര്‍ബന്ധം

ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തത വന്നില്ലെങ്കില്‍ ഒറിജിനല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടാകുമ്പോഴും വാഹനം വില്‍പ്പനനടത്തുമ്പോഴുമൊക്കെയുള്ള നടപടിക്രമങ്ങള്‍ക്കും ആര്‍.ടി. ഓഫീസ് സേവനങ്ങള്‍ക്കും ഇവ വേണം. അസ്സല്‍ രേഖകള്‍ വാഹന ഉടമ സൂക്ഷിച്ചില്ലെങ്കില്‍ തട്ടിപ്പുകള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

Content Highlights: Driving Licence, RC Book, MVD Kerala, Motor Vehicle Department