കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ച് ഏറെ നാള്‍ കാത്തിരുന്നിട്ടും ടെസ്റ്റില്‍ പങ്കെടുക്കാനാവുന്നില്ലെന്ന പരാതി വര്‍ധിക്കുന്നു. എറണാകുളം ആര്‍.ടി. ഓഫീസിനു കീഴില്‍ ലൈസന്‍സിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റാണ് ഏറെ വൈകുന്നത്. മുമ്പ് ഒരു മാസത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യം ലഭ്യമായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും മാസം പിന്നിട്ടിട്ടും തീയതി ലഭിക്കുന്നില്ലെന്നാണ് പഠിതാക്കളും ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നവരും പറയുന്നത്. 

ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാലും രണ്ടു മാസത്തിനപ്പുറമുള്ള തീയതിയാണ് ലഭിക്കുന്നത്. 'പരിവാഹന്‍' വെബ് സൈറ്റില്‍ മേയ് വരെ തീയതി ലഭ്യമല്ലെന്ന സന്ദേശമാണ് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയ പലര്‍ക്കും ഇതുവരെ ടെസ്റ്റ് നടന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ചില്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞും ലൈസന്‍സ് ലഭ്യമാകാത്ത സ്ഥിതിയുണ്ടാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ലോക്ഡൗണ്‍ കാലത്ത് പരിശീലനം പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചത് ഇവര്‍ക്കും ഇരുട്ടടിയാവുകയാണ്. ലോക്ഡൗണ്‍ കാലത്ത് പരിശീലനം പൂര്‍ത്തിയായവര്‍ ടെസ്റ്റിനപേക്ഷിക്കുമ്പോള്‍ തീയതി കിട്ടുന്നില്ലെന്നാണ് പരാതി. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറു മാസം കഴിഞ്ഞതിനാല്‍ നൂറു കണക്കിന് പേരുടെ ലേണേഴ്‌സ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. 

ഇവര്‍ക്ക് വീണ്ടും ഡോക്ടറെ കണ്ട് ഫീസ് നല്‍കി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടി വന്നു, ഒപ്പം ലേണേഴ്‌സ് ലൈസന്‍സ് പുതുക്കേണ്ടിയും വന്നു. ഇതുമൂലം 600 രൂപയോളം ഓരോ അപേക്ഷകനും ചെലവായി. ലോക്ഡൗണ്‍ കാലത്ത് ലേണേഴ്‌സ് ടെസ്റ്റ് പാസായവര്‍ക്ക് മുന്‍ഗണനക്രമത്തില്‍ ഡ്രൈവിങ് ടെസ്റ്റിന് അനുമതി നല്‍കിയാല്‍ ഇതിനു പരിഹാരമാകുമെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് പരിശീലനം ഒരു വര്‍ഷത്തിനും മുമ്പ് പൂര്‍ത്തിയായവര്‍ക്കു പോലും ടെസ്റ്റ് പാസാകാത്തതു മൂലം നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായും സ്‌കൂള്‍ നടത്തിപ്പുകാര്‍ പരാതിപ്പെടുന്നു.

ഇതിനിടെ എറണാകുളം ആര്‍.ടി. ഓഫീസില്‍ പേപ്പറില്ലാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് പേപ്പര്‍, ലാമിനേറ്റ് ചെയ്യുന്ന പൗച്ച് എന്നിവയുടെ സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് പേരുടെ ലൈസന്‍സ് വിതരണം മുടങ്ങുകയും ചെയ്തിരുന്നു. ഏറെ കാത്തിരിപ്പിനു ശേഷം ടെസ്റ്റ് ജയിച്ചാല്‍ അടുത്ത കാത്തിരിപ്പ് ലൈസന്‍സിനു വേണ്ടിയാണ്. ഇത് തപാല്‍ വഴി വീട്ടിലെത്താനും മാസങ്ങളെടുക്കുന്നതായി പരാതിയുണ്ട്.

Content Highlights: Driving Licence, Learners Licence, MVD Kerala, RT Office