സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പാസാവുന്നവര്‍ക്ക് രണ്ടുമാസമായി പ്‌ളാസ്റ്റിക് ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയുന്നില്ല. പ്ലാസ്റ്റിക് കാര്‍ഡില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കിവന്ന ഏജന്‍സിയുടെ കാലാവധി രണ്ടുമാസം മുന്‍പ് അവസാനിച്ചിരുന്നു. ഇത് പുതുക്കിനല്‍കുകയോ പുതിയ കമ്പനിയെ ഏല്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് വിതരണം മുടങ്ങുന്നത്.

മോട്ടോര്‍വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഗതാഗതവകുപ്പ് വാഹന്‍, സാരഥി എന്നീ പേരുകളില്‍ രണ്ട് സോഫ്റ്റ്വേറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് സാരഥി. ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട്കാര്‍ഡായി ലഭിക്കാന്‍ 250 രൂപയാണ് നല്‍കേണ്ടത്.

എന്നാല്‍, സംസ്ഥാനത്ത് ഇതുവരെ സ്മാര്‍ട്ട് കാര്‍ഡ് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പിന് സാധിച്ചിട്ടില്ല. പകരം പ്ലാസ്റ്റിക് പോളികാര്‍ബണേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. പ്രാരംഭപദ്ധതി എന്ന നിലയ്ക്ക് ഒരു പോയന്റില്‍നിന്ന് പ്ലാസ്റ്റിക് കാര്‍ഡുകള്‍ നല്‍കിയിരുന്നു.

ഒരു സഹകരണ സ്ഥാപനത്തെയാണ് ഇതിനായി മോട്ടോര്‍വാഹന വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത്. ഇവരുടെ കാലാവധി നീട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് ശ്രമിച്ചെങ്കിലും ധനവകുപ്പ് എതിര്‍ത്തു. ഇതോടെ ഡ്രൈവിങ് ടെസ്റ്റ് പാസാവുന്നവര്‍ക്ക് താത്കാലിക ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് എടുത്ത് നല്‍കുകയാണ്.

Card Lisence

സോഫ്റ്റ്വേര്‍ കാലതാമസം കാരണം താത്കാലിക ലൈസന്‍സ് നല്‍കാനും കാലതാമസം നേരിടുന്നുണ്ട്. രണ്ടുമാസത്തിനിടെ ഡ്രൈവിങ് ടെസ്റ്റ് പാസായ പതിനായിരക്കണക്കിന് ആളുകളാണ് ലൈസന്‍സ് കിട്ടാതെ പ്രയാസപ്പെടുന്നത്.

സംസ്ഥാനത്ത് സ്മാര്‍ട്ട് കാര്‍ഡില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള നടപടി നീളുമ്പോള്‍ കര്‍ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഇത് നിലവില്‍വന്നിട്ട് മാസങ്ങളായി.

ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കും

പ്ലാസ്റ്റിക് ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് നല്‍കിവരുന്നത് രണ്ടുമാസമായി നിലച്ചിരിക്കുകയാണ്. ഇതിനുള്ള ഏജന്‍സിയെ ചുമതലപ്പെടുത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ നീളുന്നതാണ് കാരണം. ടെന്‍ഡറില്‍ പങ്കെടുത്ത ചില കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലൈസന്‍സ് നല്‍കുന്നത് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാവും.

-രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

Content Highlights: Driving Licence, Kerala