ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ കേന്ദ്രീകൃത വെബ് പോര്‍ട്ടലിലേക്ക് മാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഡ്രൈവിങ്ങ് ലൈസന്‍സ് വിവരങ്ങള്‍ ലൈസന്‍സിനുള്ള പോര്‍ട്ടലായ സാരഥിയിലേക്ക് പൂര്‍ണായി മാറിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും ലൈസന്‍സുകള്‍ക്ക് ഏകീകൃത സ്വഭാവം വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെ നമ്പര്‍ ഫോര്‍മാറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. മുമ്പ് ആര്‍ടി ഓഫീസ് കോഡ്, ലൈസന്‍സ് നമ്പര്‍, ലൈസന്‍സ് ലഭിച്ച വര്‍ഷം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. 

എന്നാല്‍, സാരഥിയിലേക്ക് മാറിയതിനെ തുടര്‍ന്ന് ലൈസന്‍സ് നമ്പര്‍ രേഖപ്പെടുത്തുന്നതില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ആദ്യം സ്റ്റേറ്റ് കോഡായ കെ.എല്‍, അതിനുശേഷം ലൈസന്‍സ് നല്‍കിയ ആര്‍ടി ഓഫീസ് കോഡ്, മൂന്നാമതായി ലൈസന്‍സ് അനുവദിച്ച വര്‍ഷം ഏറ്റവുമൊടുവിലായി ലൈസന്‍സ് നമ്പര്‍ എന്നിങ്ങനെയാണ് രേഖപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ കേന്ദ്രീകൃത വെബ്‌പോര്‍ട്ടലായ പരിവാഹന്‍(സാരഥി) സൈറ്റിലൂടെ ലഭിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ലൈസന്‍സ് സംബന്ധമായി സേവനങ്ങള്‍ക്കായി മുകളില്‍ പറഞ്ഞിരിക്കുന്ന ജില്ലകളിലെ ആളുകളുടെ ലൈസന്‍സ് പുതിയ ഫോര്‍മാറ്റിലേക്ക് മാറ്റണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പരിവാഹനം അല്ലെങ്കില്‍ സാരഥി പോര്‍ട്ടലിലേക്ക് മാറിയിട്ടുള്ള ജില്ലകളിലെ ആളുകളുടെ ലൈസന്‍സുകള്‍ക്ക് മാത്രമാണ് ഈ അറിയിപ്പ് ബാധകമാകുന്നതെന്നും മറ്റ് ജില്ലയിലുള്ളവര്‍ക്ക് ലൈസന്‍സ് പോര്‍ട്ടിങ്ങ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlights: Driving Licence Details Updated In Sarathi Portal; Change In Licence Format