ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികം, നിയന്ത്രണം, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന നിയമം ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം ദുബായ് റോഡുകളില്‍ ഉടന്‍ തുടങ്ങാനിരിക്കേയാണ് അന്തിമനിയമങ്ങള്‍ വകുപ്പ് തയ്യാറാക്കിയത്.

എല്ലാ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളും ചട്ടങ്ങളും ബാധകമായിരിക്കും. പരീക്ഷണയോട്ടം നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പ്രമേയം നടപ്പിലാക്കുന്നതാണ് നിയമനിര്‍മാണം. വ്യവസ്ഥകളിലേക്ക് ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് നിയമങ്ങളുടെ ലക്ഷ്യം.

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം. പരിശോധനാ കാലയളവിലുടനീളം നയം സാധുവായിരിക്കണം. ആര്‍.ടി.എ., ദുബായ് പോലീസ്, ആംബുലന്‍സ് സേവനങ്ങള്‍, ദുബായ് കോര്‍പ്പറേഷന്‍ തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കും ഉത്തരവാദിത്വങ്ങളും നിയമത്തില്‍ വിശദമാക്കുന്നുണ്ട്. 

സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതില്‍ ലൈസന്‍സിങ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ)ക്ക് നിര്‍ണായക പങ്കുണ്ട്. പരീക്ഷണയോട്ടം നടത്തുന്ന റോഡുകള്‍, പ്രദേശങ്ങള്‍, വാഹനത്തിന്റെ വേഗത എന്നിവ നിശ്ചയിക്കുന്നത് ആര്‍.ടി.എ ആണ്. പരീക്ഷണയോട്ടം അവസാനിച്ചാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനും മേല്‍നോട്ടം വഹിക്കാനും സംയുക്ത സംഘങ്ങള്‍ രൂപവത്കരിക്കാന്‍ ആര്‍.ടി.എ.ക്ക് അധികാരമുണ്ട്.

വാഹനങ്ങളില്‍ പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ ഗതാഗത ചെലവായിരിക്കും. കാര്‍ബണ്‍ പുറംന്തള്ളല്‍, അപകടങ്ങള്‍ എന്നിവ കുറയും. സമയലാഭവുമുണ്ടാകുമെന്ന് പൊതുഗതാഗത ഏജന്‍സി സി.ഇ.ഒ.യും സ്മാര്‍ട്ട് ചെയര്‍പേഴ്സണുമായ അഹമ്മദ് ഹാഷിം ബഹ്റോസിയന്‍ പറഞ്ഞു. വാഹനത്തില്‍ കയറി ലക്ഷ്യം രേഖപ്പെടുത്തിയാല്‍ സുരക്ഷിതമായി യാത്ര ചെയ്യാം. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാരുണ്ടാകും. പിന്നീട് 100 ശതമാനവും കാര്യക്ഷമമെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവര്‍മാരെ പിന്‍വലിക്കും.

ഡ്രൈവറില്ലാ വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തല്‍. സുരക്ഷ ഉറപ്പാക്കാന്‍ നൂതന സെന്‍സറുകളും ക്യാമറകളും വാഹനങ്ങളില്‍ ഉണ്ടാകും. നിര്‍മിതബുദ്ധി ഉപയോഗിച്ചാവും പ്രവര്‍ത്തനം. ചുറ്റുമുള്ള വാഹനങ്ങള്‍, ട്രാക്കുകള്‍ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. 

ഡ്രൈവര്‍മാര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ ഈ വാഹനങ്ങളില്‍ ഉണ്ടാകില്ല. എത്ര തിരക്കിലും അനായാസം വാഹനം സഞ്ചരിക്കും. ഏറ്റവും കൂടുതല്‍ സ്വയം നിയന്ത്രണ വാഹനങ്ങള്‍ ഓടുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യമാകാനുള്ള ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് യു.എ.ഇ. 2030 ആകുമ്പോഴേക്കും ദുബായിലെ പൊതുവാഹനങ്ങളില്‍ 25 ശതമാനവും ഇത്തരം വാഹനങ്ങളാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

Content Highlights: Driverless Vehicles In Dubai