കൊച്ചി: പകല്‍വെളിച്ചത്തില്‍ ക്യാമറകളെയും വന്‍ പോലീസ് സംഘത്തെയും സാക്ഷിയാക്കിയായിരുന്നു ആ 'കിഡ്നാപ്പ്'. സെന്‍സറുകളും ക്യാമറയുമെല്ലാം ഘടിപ്പിച്ച കുഞ്ഞന്‍ കാര്‍ മുന്നോട്ടുകുതിച്ചു. അകത്ത് മുന്നിലെ സീറ്റില്‍ സംസ്ഥാന പോലീസ് മേധാവി. 'ഡി.ജി.പിയെ ഇതാ തട്ടിക്കൊണ്ടുപോകുന്നു'വെന്ന അറിയിപ്പ് പിന്നാലെയെത്തി. അതോടെ കാറിന് ചുറ്റും തിരക്ക് കൂടി. ഒടുവില്‍ രണ്ട് റൗണ്ട് ഓടി കാര്‍ തിരിച്ചെത്തിയതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അവസാനമായി.

കൊച്ചിയിലെ കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനമായിരുന്നു വേദി. ഡ്രൈവറില്ലാ കാറും ഹാക്കിങ്ങുമെല്ലാം തത്സമയം അവതരിപ്പിക്കുകയായിരുന്നു. ബന്ദിയായി അഭിനയിക്കാന്‍ ലോക്‌നാഥ് ബെഹ്‌റയും തയ്യാറായതോടെ അവതരണം ശ്രദ്ധിക്കപ്പെട്ടു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്സ് ആന്‍ഡ് കോഗ്‌നിറ്റീവ് സിസ്റ്റംസ് ആഗോള മേധാവി റോഷി ജോണും സംഘവുമാണ് ഡ്രൈവറില്ലാ കാറുമായി എത്തിയത്. സെന്‍സറുകളും ക്യാമറയുമെല്ലാം ഘടിപ്പിച്ച് ഒരു ടാറ്റ നാനോ കാറിന് രൂപമാറ്റം വരുത്തി. ആദ്യം ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് അവതരിപ്പിച്ചു. അതിനുശേഷമായിരുന്നു കാര്‍ ഹാക്കിങ്ങും തട്ടിക്കൊണ്ടുപോകലും. എത്ര വലിയ സാങ്കേതികവിദ്യയും ദുരുപയോഗം ചെയ്യാനാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ 'കിഡ്‌നാപ്പ് നാടകം'.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നിരത്തുകളില്‍ പൊലിയുന്ന ജീവനുകള്‍ ഏറെയാണ്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണമുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് കേരളമിനിയും മുക്തരായിട്ടില്ല. ഡ്രൈവറില്ലാ കാറുകളില്‍ ഇത്തരം അശ്രദ്ധകള്‍ ഭയക്കേണ്ടതില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോകുമോയെന്ന് പേടിക്കാതെ യാത്ര ചെയ്യാം.

എന്നാല്‍, സാങ്കേതികവിദ്യയ്ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്ന് റോഷി ജോണ്‍ പറഞ്ഞു. 'ഡ്രൈവറില്ലാതെ ഓടുന്ന കാറുകളെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്നെ പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക് നിയന്ത്രിക്കാം' - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഡ്രൈവറില്ലാ കാറുകളുടെ ഗവേഷണത്തിലാണ് റോഷി ജോണ്‍. 1.50 കോടി രൂപ ചെലവായി. കാര്‍ ഇപ്പോള്‍ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. കാര്‍ നിര്‍മാണ കമ്പനികളുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്.