ഷാര്‍ജ: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പ്രവാസി ഡ്രൈവര്‍ക്ക് ലഭിച്ച പിഴ 11 ലക്ഷം ദിര്‍ഹം (ഏകദേശം രണ്ട് കോടിയോളം രൂപ). ഏഷ്യന്‍ വംശജനായ ഡ്രൈവറെ ഷാര്‍ജ പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കള്ളടാക്‌സി സര്‍വീസ് നടത്തിയതാണ് ഇയാള്‍ ചെയ്ത പ്രധാന കുറ്റം. 106 നിയമലംഘനങ്ങളാണ് അനധികൃത ടാക്സി സര്‍വീസ് നടത്തിയതിന് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വാസിത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മുഹമ്മദ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഖസമുല്‍ അറിയിച്ചു.

അനധികൃതമായി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ശ്രദ്ധയില്‍പ്പെട്ട പോലീസ് പട്രോളിങ് സംഘം ഞായറാഴ്ച 31-കാരനായ ഡ്രൈവറെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് റെക്കോഡുകള്‍ പരിശോധിച്ചപ്പോളാണ് ഇയാളുടെ പേരിലുള്ള ഭീമമായ പിഴത്തുക പോലീസിന്റെ കണ്ണില്‍പ്പെട്ടത്.

വാഹനയുടമകള്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഷാര്‍ജ പോലീസ് ഓര്‍മിപ്പിച്ചു.

Content Highlighs; Driver fined 11 lakh dirham for UAE traffic violation, Traffic rule vilolaions in uae