തിരുവനന്തപുരം: കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രെജിസ്ട്രേഷന്‍ പ്ലേറ്റുകളും (എച്ച്എസ്ആര്‍പി) സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ്‌ ലൈസന്‍സുകളും ആര്‍സികളും നടപ്പാക്കണമെന്ന് ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗവുമായ ഡോ. കമല്‍ സോയി.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീം കോടതിയുടെ കര്‍ശന വിധികളുമുണ്ടായിട്ടും കേരളത്തിലെ നിലവിലുള്ള വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിച്ചു തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  ഇവയ്ക്കൊപ്പം സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത ഡ്രൈവിംഗ് ലൈസന്‍സുകളും രജിസ്ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാഹനത്തിന്റെ സുരക്ഷയ്ക്കും അപകടമോ തീപ്പിടുത്തമോ ഉണ്ടായാല്‍ വാഹനം തിരിച്ചറിയാനും എച്ച്എസ്ആര്‍പി ഉപകരിയ്ക്കുമെന്ന് ഡോ. സോയി ചൂണ്ടിക്കാണിച്ചു. ഐഎന്‍ഡി എന്ന ക്രോമിയം പ്ലേറ്റിംഗിലാകും എഴുത്ത്. ഇതു മൂലം രാത്രിയിലും നമ്പറുകള്‍ ട്രാക്ക് ചെയ്യാനാകും.  വാഹനം അപടകത്തില്‍ കത്തി നശിച്ചാലും രജിസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാവുകയും ചെയ്യും, ഡോ. സോയി പറഞ്ഞു. ഡീലര്‍മാരുടെ വിസമ്മതമാണ് ഇത് നടപ്പാക്കുന്നതിലെ ഒരു വിലങ്ങുതടി. തങ്ങളുടെ ബിസിനസ് വാഹനങ്ങള്‍ വില്‍ക്കലാണെന്നും നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കലല്ലെന്നും അവര്‍ പറയും.

ഗതാഗത മന്ത്രാലയത്തിനു കീഴില്‍ വാഹന്‍, സാരഥി പോര്‍ട്ടലുകള്‍ അടിസ്ഥാനമാക്കിയുള്ള ഡേറ്റാബേസിനും സ്‌കോസ്റ്റ എന്ന സ്മാര്‍ട്കാര്‍ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും തുടക്കമിട്ടതിനു ശേഷം ഒട്ടേറെ സംസ്ഥാനങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് അധിഷ്ഠിത ്രൈഡവിംഗ് ലൈസന്‍സുകളും രജിസ്ട്രേഷന്‍ കാര്‍ഡുകളും നടപ്പാക്കി. കേരളവും ഇത് നടപ്പാക്കണമെന്നും ഡോ. സോയി അഭ്യര്‍ത്ഥിച്ചു.

ഡ്യൂപ്ലിക്കേഷന്‍ തടയുക, ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുക, കേന്ദ്രീകൃത ഡേറ്റാബേസ് സാധ്യമാക്കുക, നിയമ നിര്‍വഹണം എളുപ്പമാക്കുക, എംഐഎസ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുക, നികുതി വെട്ടിപ്പ് തടയുന്നതിലൂടെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ മികവുകള്‍ ഇവയിലൂടെ യാഥാര്‍ത്ഥ്യമാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:Dr. kamal soyi ask state to put HSRP numberplates and smartcard driving licenses