പെട്രോള്‍ പമ്പിലെ നീണ്ട ക്യൂവില്‍ കാത്തിരുന്ന്‌ ഇനി ബുദ്ധിമുട്ടേണ്ട. പാലും പത്രവും അതിരാവിലെ വീട്ടിലെത്തുന്നതു പോലെ പെട്രോളും ഡീസലും ഇനി നിങ്ങളെ തേടി വീട്ടുപടിക്കലെത്തും. ബെംഗളൂരുവില്‍ മൈ പെട്രോള്‍ പമ്പ് എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതി വഴി ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടിലെത്തിച്ചു തുടങ്ങി. എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബെംഗളൂരുവില്‍ പുതിയ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. നേരത്തെ കേന്ദ്ര സര്‍ക്കാറും ഇതേ പദ്ധതി പ്രാവര്‍ത്തികമാക്കി വ്യാപിപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ ബെംഗളൂരുവിലെ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളില്‍ മാത്രമാണ് മൈ പെട്രോള്‍ പമ്പ് സര്‍വ്വീസ് ലഭ്യമാകുക. എസ്എച്ച്ആര്‍ ലേഔട്ട്, കോരമംഗള, ബെല്ലന്തൂര്‍, ബിടിഎം, ബൊമനഹള്ളി എന്നിവടങ്ങിലും 560102, 560103, 560034, 560095, 560076, 560068 എന്നീ പിന്‍കോഡിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലുമാണ് നിലവില്‍ ഹോം ഡെലിവറി സര്‍വ്വീസ് ലഭിക്കുക. www.mypetrolpump.com എന്ന വെബ്-സൈറ്റ് വഴി ഓണ്‍ലൈനായി ആവശ്യക്കാര്‍ക്ക് ഇന്ധനം ബുക്ക് ചെയ്യാം. 

7880504050 എന്ന നമ്പര്‍ വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അധികം വൈകാതെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച മൊബൈല്‍ ആപ്പൂം കമ്പനി പുറത്തിറക്കും. നിലവില്‍ ഡീസല്‍ മാത്രമാണ് മൈ പെട്രോള്‍ പമ്പ് സര്‍വ്വീസ് വഴി ലഭ്യമാകുക, അടുത്ത ഘട്ടത്തില്‍ പെട്രോളും ഉള്‍പ്പെടുത്തും. 100 100 ലിറ്റര്‍ വരെയുള്ള ഓര്‍ഡറിന് 99 രൂപയാണ് ഡെലിവറി ചാര്‍ജ്. പിന്നീടുള്ള ഓരോ ലിറ്ററിനും ഒരു രൂപ അധികം നല്‍കണം. ഇന്ധനം ചെറിയ വാനില്‍ പ്രത്യേകം സജ്ജീകരിച്ചാണ് ആവശ്യക്കാരുടെ വീട്ടിലെത്തിക്കുക.

my petrol pump

ഉപഭോക്താക്കളുടെ ചുറ്റുവട്ടത്തുള്ള അംഗീകൃത ഓയില്‍ കമ്പനി ഡീലര്‍മാരില്‍നിന്നാണ് എ.എന്‍.ബി ഫ്യുവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്ധം ശേഖരിക്കുക. പണമായും പിഒഎസ് മെഷീന്‍ വഴിയും ബില്‍ തുക അടയ്ക്കാം. ഓരോ ദിവസവും ആവശ്യക്കാരുടെ പ്രീ-ബുക്കിങ്ങിന് അനുസൃതമായ അളവില്‍ മാത്രമേ ഇന്ധനം ശേഖരിക്കുകയുള്ളുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ കുടുതല്‍ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.