വാഹന പരിശോധനയുടെ പേരില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തരുതെന്ന് ബെംഗളൂരു പോലീസ് മേധാവി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനും മറ്റുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് ഓണ്‍ലൈനായി നടത്തിയ അദാലത്തില്‍ ഭൂരിഭാഗം ആളുകളും ട്രാഫിക് പോലീസ് അനാവശ്യമായി വാഹനം തടയുന്നത് ശ്രദ്ധയില്‍ പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം പോലീസുകാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. 

ഒരു കാരണവശാലും അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്നും കമല്‍ പന്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി ഡി.സി.പിമാര്‍ക്കും നിര്‍ദേശം നല്‍കും. തുടര്‍ന്നും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായാല്‍ അവര്‍ക്ക് ട്രാഫിക് വിഭാഗം ഡി.സി.പിയുമായി ബന്ധപ്പെടാമെന്നും ആവശ്യമായി നടപടിയെടുക്കുമെന്നും കമ്മീഷര്‍ അറിയിച്ചു. 

വാഹനപരിശോധനയുടെ പേരില്‍ അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതായും രേഖകള്‍ ഹാജരാക്കിയിട്ടും കാത്തിരിക്കേണ്ടി വരുന്നതായും നിരവധി പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രണ്ട് തവണ തടഞ്ഞെന്നായിരുന്നു ഐ.ടി. ജീവനക്കാരിന്റെ പരാതി. ആദ്യ തവണ ബൈക്കിലായിരുന്നു യാത്ര. ഹെല്‍മറ്റും മാസ്‌കും ധരിച്ച് യാത്ര ചെയ്തിട്ടും പോലീസ് നിര്‍ത്തിക്കുകയും രേഖകള്‍ കാണിച്ച ശേഷവും കാത്തിരിക്കാന്‍ ആവശ്യപ്പെട്ടൂവെന്നുമാണ് അദ്ദേഹം പറഞ്ഞത്. 

എന്റെ വാഹനത്തിന് യാതൊരു പിഴയും നിലവിലില്ല. ഇന്‍ഷുറന്‍, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, തുടങ്ങി മറ്റ് രേഖകളെല്ലാം കൃത്യമായി കൈവശമുണ്ടായിരുന്നു. എന്നിട്ട് പോലും 15 മിനിറ്റാണ് കാത്തിരിക്കേണ്ടി വന്നത്. എന്റെ ലൈസന്‍സ് പോലീസ് കോണ്‍സ്റ്റബിള്‍ വാങ്ങിയിരുന്നു. അത് തിരികെ ലഭിക്കാന്‍ ഓഫീസറിനോട് സംസാരിക്കാനാണ് പോലീസ് അവശ്യപ്പെട്ടത്. എന്നാല്‍, അദ്ദേഹം യാതൊന്നും പ്രതികരിച്ചില്ലെന്നും കുറച്ച് സമയം കൂടി കഴിഞ്ഞ ശേഷമാണ് ലൈസന്‍സ് തിരികെ നല്‍കിയതെന്നും പരാതികാന്‍ അറിയിച്ചു.

ഭാര്യക്കും 11 മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് രണ്ടാം തവണ തടഞ്ഞത്. എല്ലാ രേഖകളും ഉണ്ടായിട്ടും ലൈസന്‍സ് വാങ്ങിയ ശേഷം പോലീസ് മോശമായി സംസാരിച്ചു. വാഹനത്തിന് ഫാസ്ടാഗ് ഇല്ലെന്നായിരുന്നു അദ്ദേഹം കണ്ടെത്തിയ പ്രശ്‌നം. എന്നാല്‍, ഇത് നഗരത്തില്‍ മാത്രം ഉപയോഗിക്കുന്ന വാഹനമാണെന്നും ഫാസ്ടാഗ് നിര്‍ബന്ധമല്ലെന്നും പറഞ്ഞതിന് ശേഷം വീണ്ടും കാത്തിരിപ്പിച്ച ശേഷമാണ് വിട്ടയച്ചെന്നും അദ്ദേഹം പോലീസ് മേധാവിയെ അറിയിച്ചു. 

ജെ.ബി. നഗറിലും സമാനമായ സംഭവമുണ്ടായിട്ടുണ്ടെന്നും മറ്റൊരു പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം തികയാത്ത തന്റെ പുതിയ വാഹനം തടഞ്ഞുനിര്‍ത്തി. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഒരു വര്‍ഷം വരെ ഇത് ആവശ്യമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും, അത് കോടതിയില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞതായും പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.

Source: Bangalore Mirror

Content Highlights: Don’t stop vehicles for documents checking, Unnecessary Vehicle checking, Bangalore Police