സഹ്യമായ ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറില്‍ ചാണകം പൂശിയ അഹമ്മദാബാദ് സ്വദേശിനിയായ സോജല്‍ ഷാ കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു. ഇതിന് പിന്നാലെ ചൂട് കുറയ്ക്കാന്‍ സ്വന്തം കാറില്‍ ചാണകം പൂശി പുണെയിലെ ഒരു ഡോക്ടറും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്ന നവ്‌നാഥ്‌ ദുദ്ഹലാണ് തന്റെ മഹീന്ദ്ര എക്‌സ്.യു.വി 500 എസ്‌യുവിയില്‍ ചാണകം പുശിയതെന്ന് സകല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാറിലെ എസി ഉപയോഗം ഒഴിവാക്കി പരിസ്ഥിതി മലിനപ്പെടുത്താതെ വാഹനം തണുപ്പിക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന് നവ്‌നാഥ്‌ ദുദ്ഹല്‍ പറയുന്നു. ഗ്രാമങ്ങളിലും മറ്റും ചൂടിനെ പ്രതിരോധിക്കുന്ന മണ്‍വീടുകളില്‍ ചാണകം പൂശുന്ന അതേ ആശയമാണ് താന്‍ കാറിലേക്കും നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചാണകം പൂശുന്നത് വാഹനത്തിന്റെ നിറത്തിന് കോട്ടം വരുത്തില്ലെന്നും ദുര്‍ഗന്ധം അല്‍പസമയത്തിന് ശേഷം മാറുമെന്നും നവ്‌നാഥ്‌ പറയുന്നു. 

മൂന്ന് കോട്ട്‌ ചാണകമാണ് കാറില്‍ പൂശിയത്. ലൈറ്റ്, ഗ്രില്‍, ലോഗോ ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം ഒഴിവാക്കിയാണ് ചാണകം പൂശല്‍. ഇതുവഴി പുറത്തുള്ളതിനെ അപേക്ഷിച്ച്‌ വാഹനത്തികത്തെ ചൂട് അഞ്ച് മുതല്‍ ഏഴ് ഡിഗ്രി വരെ കുറയുമെന്നും ഒരു മാസത്തോളം കാലയളവില്‍ ഈ കോട്ടിങ് ഈട്‌നില്‍ക്കുമെന്നും നവ്‌നാഥ്‌ ദുദ്ഹല്‍ വ്യക്തമാക്കുന്നു. 

Content Highlights; Cowdung On Car, Cowdung Car coatiing, Dr navnath dudhal

Courtesy; sakal times