സ്‌കൂളുകള്‍ തുറന്നതോടെ ദൂരെയുള്ള വിദ്യാലയത്തിലേക്ക് വാഹനങ്ങളില്‍ പോകുന്ന കുട്ടികളുടെ കാര്യം പരുങ്ങലിലാണ്. വാഹനങ്ങളില്‍ 'ഒരു സീറ്റില്‍ ഒരു കുട്ടി' എന്ന രീതി കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. നിയന്ത്രണം കര്‍ശനമാക്കിയപ്പോള്‍, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയിരുന്ന മിക്കവാറും വാഹനങ്ങള്‍ പിന്മാറിയിരിക്കുകയാണ്.

സാധാരണ മിനിബസില്‍ 11 കുട്ടികള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഓട്ടോയില്‍ രണ്ടു കുട്ടികള്‍ക്ക് മാത്രം പോകാം. വലിയ സ്‌കൂള്‍ ബസുകളില്‍ ആകെയുള്ള 45 സീറ്റുകളില്‍ ഓരോ കുട്ടിയെ വീതം ഇരുത്താം. അതായത്, നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിന്റെ നേര്‍പകുതി ഉപയോഗിക്കാം. ഈ രീതിയില്‍ സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്നാണ് ഭൂരിപക്ഷം ഡ്രൈവര്‍മാരും പറയുന്നത്.

''മിനി ബസാണ് ഞാന്‍ ഓടിക്കുന്നത്. 22 സീറ്റുണ്ട്. അതില്‍ 11 പേരെ കയറ്റാനാണ് പറയുന്നത്. ഇതെങ്ങനെ മുതലാകും... കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വലിയ ബാധ്യതയാണിത്. ഓടിക്കാന്‍ പറ്റില്ല. സ്‌കൂള്‍ തുറന്നിട്ടും ഞങ്ങള്‍ പട്ടിണിയിലേക്ക് പോകുകയാണ്...'' -കണ്ണമാലിക്കാരന്‍ ക്ലീറ്റസ് പറയുന്നു. മൂന്നു പതിറ്റാണ്ടുകാലമായി സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുകയാണ് ക്ലീറ്റസ്.

''പകുതി കുട്ടികളെ കയറ്റിയാല്‍, ഓരോ കുട്ടിക്കും ഇരട്ടി ചാര്‍ജ് നല്‍കേണ്ടിവരും. അത് നല്‍കാനുള്ള ശേഷി രക്ഷിതാക്കള്‍ക്കില്ല. അത് ഞങ്ങള്‍ക്കുമറിയാം. മാസം 3,000-3,500 രൂപ വാഹനത്തിന് കൊടുക്കാന്‍ ആര്‍ക്കു കഴിയും... വലിയ പ്രശ്‌നമാണിത്. ഇന്ധനച്ചെലവാണെങ്കില്‍ ഓരോ ദിവസവും കൂടുന്നു, ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങി പല ചെലവുകള്‍ വേറെയും. ആര്‍ക്കും ഈ പണി ചെയ്യാനാകുന്നില്ല...'' -ക്ലീറ്റസ് പറയുന്നു. കൊച്ചിയില്‍ മിക്ക സ്‌കൂളുകളും അവരുടെ ബസുകള്‍ ഇറക്കിയിട്ടില്ല. കുറച്ചു കുട്ടികളുമായി ബസ് ഓടിച്ചാല്‍ പണികിട്ടുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതു വരെ വണ്ടി ഇറക്കാനാവില്ലെന്ന നിലപാടാണ് അവര്‍ക്ക്.

സ്വകാര്യ ബസുകളില്‍ തിരക്ക്

സ്‌കൂളിലേക്ക് പോകാന്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ പിന്മാറിയതോടെയാണ്, കുട്ടികള്‍ പൊതുഗതാഗതത്തിലേക്ക് മാറുന്നത്. സ്വകാര്യ ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതില്‍ കയറുന്ന യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് നിയന്ത്രണമൊന്നുമില്ല. ആദ്യഘട്ടത്തില്‍ സ്വകാര്യബസുകളിലും നിയന്ത്രണമുണ്ടായിരുന്നു. 

പിന്നീട് ആ നിയന്ത്രണം എടുത്തുമാറ്റി. ഇപ്പോള്‍ രാവിലെയും വൈകീട്ടും സ്വകാര്യബസുകളില്‍ വലിയ തിരക്കാണ്. ആ തിരക്കിലേക്കാണ് കുട്ടികളും കയറിച്ചെല്ലുന്നത്. സ്‌കൂള്‍വിടുന്ന സമയത്ത് ബസ് സ്റ്റോപ്പുകളിലും തിരക്കുണ്ട്. സ്‌കൂള്‍വാഹനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, അവര്‍ കയറുന്ന സ്വകാര്യബസുകളുടെ കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല.

''ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ വാഹന ഉടമയ്ക്കും രക്ഷിതാക്കള്‍ക്കും അത് മുതലാകില്ല. അതുകൊണ്ട് മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്. ഇപ്പോള്‍ത്തന്നെ പലരും വണ്ടികള്‍ വിറ്റുകഴിഞ്ഞു. ബാക്കിയുള്ളവരും പ്രതിസന്ധിയിലാണ്...'' -ചെല്ലാനം സ്വദേശി ഡെന്നീസ് പറയുന്നു.

മുഴുവന്‍ സീറ്റുകളിലും കുട്ടികളെ ഇരുത്താന്‍ അനുവാദം നല്‍കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരുടെ ആവശ്യം. അല്ലെങ്കില്‍ അവര്‍ക്ക് തൊഴിലില്ലാതാകും. കടുത്ത പ്രതിസന്ധികളുടെ കാലത്ത്, ഉള്ള തൊഴിലും നഷ്ടപ്പെടുകയാണെന്ന് അവര്‍ പറയുന്നു. കടം വാങ്ങി വണ്ടി റിപ്പയര്‍ ചെയ്ത് ഇറക്കിയവരും കൂട്ടത്തിലുണ്ട്. രണ്ടാഴ്ചകൂടി കാത്തിരിക്കാനാണ് ഡ്രൈവര്‍മാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണവര്‍.

Content Highlights: Directions In School Bus Journey, School Buses, School Service Vehicles, Private Bus