ണ്‍ലൈനില്‍ ലേണേഴ്‌സ് ടെസ്റ്റ് ഈ ആഴ്ച ആരംഭിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് എഴുതാന്‍ കാത്തിരിക്കുന്നത് നാലു ലക്ഷത്തോളം പേരാണ്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് നാലു മാസമായി ലേണേഴ്‌സ് ടെസ്റ്റ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

മാസം ഒരു ലക്ഷത്തോളം പേരാണ് ലേണേഴ്‌സ് ടെസ്റ്റിനായി അപേക്ഷിക്കാറുള്ളത്. സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂള്‍ തുറക്കാന്‍ ഇതുവരെ അനുവദിച്ചിട്ടില്ല. തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തിയുള്ള ലേണേഴ്‌സ് ടെസ്റ്റില്‍ 20 മാര്‍ക്കിന്റെ ചോദ്യമാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 ചോദ്യങ്ങള്‍ക്ക് ശരി ഉത്തരം നല്‍കിയാല്‍ ലേണേഴ്‌സ് ലൈസന്‍സ് കിട്ടിയിരുന്നു. ഓണ്‍ലൈന്‍ ടെസ്റ്റിന് 50 ചോദ്യങ്ങള്‍ ഉണ്ടാവും. 30 ശരി ഉത്തരം നല്‍കണം ജയിക്കാന്‍. 30 മിനിറ്റിനുള്ളില്‍ ഉത്തരം തിരഞ്ഞെടുക്കണം.

ഓഫീസില്‍ വെച്ച് ലേണേഴ്‌സ് ടെസ്റ്റ് നടത്തിയിരുന്നപ്പോള്‍ 100 പേരില്‍ കുറഞ്ഞത് 10 പേരെങ്കിലും ആദ്യാവസരത്തില്‍ ടെസ്റ്റ് പാസായിരുന്നില്ല. എന്നാല്‍ ഓണ്‍ലൈന്‍ ടെസ്റ്റില്‍ എല്ലാവരും പാസാകുന്ന സ്ഥിതിയുണ്ടാകുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ടെസ്റ്റിനായി പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രേഖകളും അപ്‌ലോഡ് ചെയ്യണം. പിഴവുണ്ടെങ്കില്‍ എസ്.എം.എസ്. ആയി അറിയിക്കും.

കംപ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ടെസ്റ്റില്‍ പങ്കെടുക്കാം. ഡ്രൈവിങ് സ്‌കൂളുകളുടെയും മറ്റും സഹായം തേടരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ടെസ്റ്റ് എഴുതുന്നവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും.
 

പരീക്ഷാര്‍ഥികള്‍ ശ്രദ്ധിക്കാന്‍

 • ഓണ്‍ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റില്‍ കൂടി സമര്‍പ്പിക്കണം.
 • എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും, വയസ്സ്, അഡ്രസ്സ് എന്നിവ തെളിയിക്കാനുള്ള രേഖകളും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
 • ഓണ്‍ലൈന്‍ ടെസ്റ്റിനായി ലഭ്യമായ തീയ്യതികളില്‍നിന്നും സൗകര്യപ്രദമായത് തെരെഞ്ഞെടുക്കുക.
 • അപേക്ഷകളില്‍ എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ അപേക്ഷകന് ടി വിവരം എസ്എംഎസ് ആയി ലഭിക്കും.
 • പരിവാഹന്‍ സൈറ്റില്‍ സാരഥി ലിങ്കില്‍ അപ്ലൈ ഓണ്‍ലൈന്‍ എന്ന മെനുവില്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് എന്ന ലിങ്ക് ഉപയോഗിച്ച് പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കുക.
 • ടെസ്റ്റിന് അനുവദിക്കപ്പെട്ട ദിവസം ഐ.ഡി.യും പാസ്‌വേര്‍ഡും അപേക്ഷകന്റെ റജിസ്‌ട്രേര്‍ഡ് മൊബൈലില്‍ എസ്എംഎസ് ആയി ലഭിക്കും. യാതൊരു കാരണവശാലും ഈ എസ്എംഎസ് മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല.
 • അപേക്ഷകന്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ ടെസ്റ്റില്‍ പങ്കെടുക്കുക.
 • ലേണേഴ്‌സ് ടെസ്റ്റിന് 50 ചോദ്യങ്ങള്‍ ഉണ്ടാവും. ഇതില്‍ 30 എണ്ണത്തിന് ശരിയായ ഉത്തരം തെരെഞ്ഞെടുത്താല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. ആകെ അനുവദിച്ച സമയം 30 മിനുട്ട്.
 • പാസ്സായവര്‍ക്ക് അവരുടെ ലേണേഴ്‌സ് ലൈസന്‍സ് സാരഥി സോഫ്റ്റ്‌വെയറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. ഇത് മൊബൈല്‍ ഡോക്യുമെന്റായും സൂക്ഷിക്കാം.
 • പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ റീ ടെസ്റ്റ് ഫീസടച്ച് മറ്റൊരു ദിവസം പരീക്ഷയില്‍ പങ്കെടുക്കാം.
 • പരീക്ഷാ സഹായി mvd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
 • യാതൊരു കാരണവശാലും ഡ്രൈവിംഗ് സ്‌ക്കൂളുകളിലോ അതുപോലുള്ള ഏജന്‍സികളിലോ അവരുടെ സഹായത്തോടെയോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ പാടില്ല.
 • എന്തെങ്കിലും തരത്തിലുള്ള ഇത്തരം ക്രമക്കേടുകള്‍ ബോദ്ധ്യപ്പെടുന്ന പക്ഷം അത്തരം അപേക്ഷകരെ അയോഗ്യരാക്കും.
 • ക്രമക്കേടുകള്‍ക്ക് ഒത്താശ ചെയ്യുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.

Content Highlights: Directions For Online Driving Licence Learners Test Issued By Motor Vehicle Department