പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
വാഹനരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍.സി), ഡ്രൈവിങ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തില്‍ കിട്ടുമെങ്കിലും പകര്‍പ്പിനുവേണ്ടി ചെന്നാല്‍ മോട്ടോര്‍വാഹനവകുപ്പ് വട്ടംചുറ്റിക്കും. ആര്‍.സി. പുസ്തകരൂപത്തില്‍ നല്‍കിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട നടപടിക്രമങ്ങളൊന്നും അവസാനിപ്പിച്ചിട്ടില്ല. ഇടനിലക്കാര്‍ക്കുള്ള അവസരവും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ആവശ്യപ്പെടാനുള്ള സൗകര്യവും അതേപടി നിലനിര്‍ത്തിയെന്നും ആരോപണമുണ്ട്.
ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെടുന്നവരെയാണ് നെട്ടോട്ടമോടിക്കുന്നത്. ഫീസ് അടയ്ക്കുന്നവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ കഴിയുമെങ്കിലും ഇടനിലക്കാരുടെ വരുമാനം മുട്ടിക്കുന്ന അത്തരമൊരു നീക്കത്തിന് മോട്ടോര്‍വാഹനവകുപ്പ് തുനിഞ്ഞിട്ടില്ല.
മോട്ടോര്‍വാഹനരേഖകളും ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതോടെ അസല്‍രേഖകളുടെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. രേഖകളുടെ ആധികാരികത ഓണ്‍ലൈനില്‍ പരിശോധിക്കാനാകും. മുമ്പ് ഓഫീസ് രേഖകള്‍ പരിശോധിച്ചാണ് പകര്‍പ്പ് തയ്യാറാക്കി നല്‍കിയിരുന്നത്. ഡിജിറ്റല്‍ സംവിധാനം വന്നതോടെ ഇതിന്റെ ആവശ്യമില്ലാതെയായി.
എം പരിവാഹന്‍, ഡിജിറ്റല്‍ ലോക്കര്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ആര്‍.സി., ഡ്രൈവിങ് ലൈസന്‍സുകളുടെ പകര്‍പ്പ് ഒരുചെലവുമില്ലാതെ ഞൊടിയിടയില്‍ ലഭിക്കും. ഡിജിറ്റല്‍ പകര്‍പ്പിന് സാധുതയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒട്ടേറെപ്പേര്‍ പകര്‍പ്പെടുക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.
ആര്‍.സി.യുടെ പകര്‍പ്പ് ലഭിക്കണമെങ്കില്‍ പോലീസില്‍നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റും, പരസ്യവും മുദ്രപ്പത്രത്തിലെ സത്യവാങ്മൂലവുംവേണം. അപേക്ഷയില്‍ ആര്‍.സി.യുടെ ചിത്രവും അപ്ലോഡ് ചെയ്യണം. നഷ്ടമായ രേഖയുടെ ചിത്രമില്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനാകില്ല.
അധാര്‍ നല്‍കാന്‍ തയ്യാറാല്ലെങ്കില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടിവരും. അപേക്ഷയ്ക്കും രേഖകള്‍ തയ്യാറാക്കുന്നതിനുമായി കുറഞ്ഞത് 3000 രൂപ ചെലവിടേണ്ടിവരും. ചില ഓഫീസുകളില്‍ ചെലവേറും. ആര്‍.സി. പണപ്പെടുത്തുന്ന കാലത്തായിരുന്നു ഇത്തരമൊരു സംവിധാനത്തിന് പ്രസക്തിയുണ്ടായിരുന്നത്.
ഡ്രൈവിങ് ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റിന് 1305 രൂപയാണ് ഫീസ്. കൈവശമുള്ള വിവരങ്ങള്‍ അച്ചടിച്ച് ലാമിനേറ്റ് നല്‍കുന്നതിനാണ് ഈ കൂടിയനിരക്ക് ഈടാക്കുന്നത്. ലൈസന്‍സിന്റെ വിശദാശംങ്ങള്‍ക്കുള്ള (ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്) ഓണ്‍ലൈന്‍ അപേക്ഷയും ഉദ്യോസ്ഥര്‍ പരിഗണിക്കേണ്ടതുണ്ട്. ഡേറ്റാബാങ്കിലെ വിവരങ്ങള്‍ ഇതില്ലാതെയും നല്‍കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..