2035-ഓടെ നിരത്തുകള്‍ മലിനീകരണ മുക്തമാക്കുന്നതിനായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഡീസല്‍ ട്രക്കുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ന്യൂജേഴ്‌സി എന്‍വയോണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പ് പ്രത്യേക നിയമം പാസാക്കി. ഡെലിവറി വാനിന് മുകളിലേക്കുള്ള ഡീസല്‍ ട്രക്കുകള്‍ നിരോധിക്കുന്നതിനാണ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത്. കലിഫോര്‍ണിയയിലെ അഡ്വാന്‍സ്ഡ് ക്ലീന്‍ ട്രക്ക് നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നിയമവും നിര്‍മിച്ചിരിക്കുന്നത്.

ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 2035 ഓടെ ന്യൂജേഴ്‌സിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ഒന്നാണ് ന്യൂജേഴ്സി എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന കമ്മീഷണര്‍ ഷോണ്‍ അഭിപ്രായപ്പെടുന്നത്.

"കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ ജേഴ്സി. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇതിന്റെ ആഘാതം കുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയും", ഷോണ്‍ പ്രതികരിച്ചു. ന്യൂ ജേഴ്സിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണുണ്ടാകുന്നത്.

ഡീസല്‍ ട്രക്കുകള്‍ വന്‍തോതില്‍ മലിനീകരണത്തിന് കാരണമാകുന്നു. പള്‍മണറി ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ്, ആസ്ത്മ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്കും ഇത്തരം മാലിന്യങ്ങള്‍ കാരണമാകുന്നു. ഘട്ടം ഘട്ടമായി ഡീസല്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമം ആദ്യം പാസാക്കിയത്  കാലിഫോര്‍ണിയയാണ്. ന്യൂ ജേഴ്സിക്ക് പുറമെ ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളും നിയമം പാസാക്കാനൊരുങ്ങുകയാണ്.

നിയമം പൂര്‍ണമായും പ്രാബല്യത്തിലായാല്‍ ഇലക്ട്രിക്‌ വാഹനങ്ങളെ ചരക്കുനീക്കത്തിന് ആശ്രയിക്കേണ്ടതായി വരും. എന്നാല്‍, ന്യൂജേഴ്സിയിലാകെ 600 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ മാത്രമാണുള്ളത്. സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന ആയിരക്കണക്കിന് ട്രക്കുകള്‍ക്ക് ഇവ പര്യാപ്തം ആകില്ലെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരിയില്‍ പ്രധാന പാതകളില്‍ 75 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി നിര്‍ദേശം നല്‍കി.

Source: Grist

Content Highlights: diesel trucks to be banned in new jersey